1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2021

സ്വന്തം ലേഖകൻ: 60 വയസ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ ബിരുദം വേണമെന്ന നിബന്ധന പിന്‍വലിച്ചതിന്റെ ആനുകൂല്യം നിലവില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയവര്‍ക്ക് ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന നിയമം ഈ വര്‍ഷം ജനുവരിയില്‍ നിലവില്‍ വന്നതിന് ശേഷം വിസ പുതുക്കാനാവാതെ നാട്ടിലേക്ക് തിരിച്ചവര്‍ക്കാണ് ഈ ആനുകൂല്യം നഷ്ടമാവുക.

നാട്ടില്‍ പോയവരുടെ വിസ കാലാവധി ഇപ്പോഴും നിലവിലുണ്ടെങ്കില്‍ ആനുകൂല്യം ലഭിക്കും. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ നിബന്ധന കാരണം വിസ പുതുക്കാനാവാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവര്‍ക്കാണ് പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ആനുകൂല്യം നഷ്ടമാവുക. അറുപതു വയസ്സ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം കുവൈത്ത് മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മാന്‍പവര്‍ അതോറിറ്റി കൈക്കൊണ്ട തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ടായിരുന്നു ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയുടെ നടപടി.

വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കല്‍ മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ക്ക് അധികാരമില്ലെന്നും അതുകൊണ്ടു തന്നെ 60 കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് അതോറിറ്റി കൈക്കൊണ്ട തീരുമാനം നിയമപരമായി നിലനില്‍ക്കുകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് മന്ത്രിസഭയിലെ ഫത്വ നിയമനിര്‍മാണ സമിതി തീരുമാനത്തെ നിരാകരിച്ചത്.

രാജ്യത്തെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഗസ്റ്റിലാണ് മാന്‍ പവര്‍ അതോറിറ്റി ബിരുദമില്ലാത്ത പ്രവാസി ജീവനക്കാരുടെ നിലവിലെ വിസയുടെ കാലാവധി കഴിഞ്ഞാല്‍ അവ പുതുക്കി നല്‍കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. ഈ വര്‍ഷം ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയുമുണ്ടായി. നിയമത്തിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തിയും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയും വിസ പുതുക്കാന്‍ 60 കഴിഞ്ഞവര്‍ക്ക് മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഫത്വ കമ്മിറ്റിയുടെ പുതിയ തീരുമാനത്തോടെ ഈ തീരുമാനവും അസ്ഥാനത്തായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.