1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികള്‍, ഗോത്രവര്‍ഗ ബെദൂയിന്‍ വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള ക്രെഡിറ്റ് പോളിസിയില്‍ കാതലായ ഇളവുകള്‍ വരുത്തി കുവൈത്ത് ബാങ്കുകള്‍. കോവിഡ് കാലത്തു കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട് വായ്പാ നയത്തില്‍ സുപ്രധാന മാറ്റങ്ങളാണ് ധനകാര്യ സ്ഥാപനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നാണ് ബാങ്കുകളുടെ തീരുമാനം. അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുപ്രകാരം പ്രവാസികളെ സംബന്ധിച്ചിടത്തോളം ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത് കൂടുതല്‍ എളുപ്പമാവും.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കൂടി വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള പ്രധാന ഇളവുകളാണ് ബാങ്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 70,000 കുവൈത്ത് ദീനാര്‍ വരെ പ്രവാസികള്‍ക്കും ബെദൂയിന്‍ വിഭാഗങ്ങള്‍ക്കും ഇനി മുതല്‍ വായ്പ എടുക്കാം. പെയ്‌മെന്റ് കാലാവധി എട്ടുവര്‍ഷം വരെയായി ഉയര്‍ത്തിയിട്ടുമുണ്ട്. എടുക്കുന്ന വായ്പയ്ക്ക് അനുസൃതമായി പ്രത്യേകിച്ച് എന്തെങ്കിലും ഈട് നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. പ്രവാസികള്‍ ജോലി ചെയ്യുന്ന തൊഴില്‍ സ്ഥാപനം വിശ്വസിക്കത്തക്കതാവണം എന്ന നിബന്ധന മാത്രമാണ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്.

പ്രവാസികള്‍ക്ക് ബാങ്ക് വായ്പകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിലവിലെ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന രീതിയിലാണ് വായ്പാ നയം പരിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ബാങ്കിംഗ് മേഖലയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം പ്രവാസികളെയും ഗോത്ര നിവാസികളെയും വായ്പയെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നയം ബാങ്കുകള്‍ അവസാനിപ്പിച്ചതായി ബാങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം കോവിഡ് 19 വ്യാപനത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ മികച്ച സ്ഥിതിയിലേക്ക് രാജ്യത്തെ വായ്പാ നയം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ബാങ്കുകള്‍ വായ്പ അനുവദിക്കുന്നതിനുള്ള ശമ്പള പരിധിയിലും കുറവ് വരുത്തിയിട്ടുണ്ട്. നിലവില്‍ 500 ദിനാര്‍ പ്രതിമാസ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. ഇത് 300 ദിനാറായി കുറച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. വായ്പ അനുവദിക്കാന്‍ ആവശ്യമായ ജോലി കാലയളവ് ഒരു വര്‍ഷത്തിന് പകരം നാല് മാസമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു. ഉപഭോക്തൃ വായ്പയുടെ മൂല്യം ശമ്പളത്തിന്റെ മൂല്യത്തിനനുസരിച്ചാണ് നിര്‍ണ്ണയിക്കുക. ശമ്പളത്തിന്റെ 20 ഇരട്ടി വരെ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ വായ്പാ നയം. പ്രതിമാസ തിരിച്ചടവ് സംഖ്യ കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.