
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശത്തുനിന്ന് വരുന്നവരുടെ ക്വാറൻറീൻ കാലയളവ് 14 ദിവസമായി തുടരും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിന് ശേഷം സർക്കാർ വക്താവ് താരിഖ് അൽ മസ്റം ആണ് ഇക്കാര്യം അറിയിച്ചത്. വിദേശയാത്ര കഴിഞ്ഞെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങളിൽ മാറ്റമില്ലെന്നും 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധന തുടരുമെന്നുമാണ് താരിഖ് അൽ മസ്റം വ്യക്തമാക്കിയത്.
ഹോം ക്വാറൻറീൻ സംബന്ധിച്ച് ആരോഗ്യ മന്ത്രലയം മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ സീഫ് പാലസിൽ ചേർന്ന കാബിനറ്റ് യോഗം കൊവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തി. അഞ്ചാംഘട്ട അൺലോക്കിങ് നടപടികളിലേക്ക് തൽക്കാലം നീങ്ങേണ്ടതില്ലെന്നാണ് യോഗതീരുമാനം. ഇക്കാര്യത്തിൽ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം തീരുമാനമെടുത്താൽ മതിയെന്നാണ് സർക്കാർ നിലപാട്. കൊവിഡ് വാക്സിൻ വിതരണ രൂപരേഖ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് യോഗത്തിൽ അവതരിപ്പിച്ചു.
ഒരു വർഷം നീളുന്ന കാമ്പയിനിൽ പ്രായമായവർ, മാറാരോഗികൾ, ആരോഗ്യ പ്രവർത്തകർ, കൊവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ നിൽക്കുന്നവർ, അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകുന്ന കാര്യം വ്യാഴാഴ്ചത്തെ യോഗത്തിലും ചർച്ചയായില്ല. വിലക്ക് ഒഴിവാക്കാനായി രാജ്യത്തെ വിമാനകമ്പനികൾ നേരത്തെ കർമപദ്ധതി സമർപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല