1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2021

സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തട്ടിപ്പ് നടത്തി പണം വാങ്ങിയ ഇന്ത്യന്‍ നഴ്‌സ് ഉള്‍പ്പെടെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കുവൈത്തില്‍ അറസ്റ്റിലായി. കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.

വാക്സിന്‍ എടുക്കാത്തവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. കുവൈറ്റിലെ അല്‍ ജഹ്റ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്സുമാരാണ് പിടിയിലായത്. ഒരാള്‍ ഇന്ത്യക്കാരനും മറ്റ് രണ്ട് പേര്‍ ഈജിപ്ത് സ്വദേശികളുമാണ്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പോലിസ് അറിയിച്ചു. പണത്തിന് വേണ്ടിയാണ് തങ്ങള്‍ ഇത് ചെയ്തതെന്നും ഇവര്‍ പോലിസിനോട് സമ്മതിച്ചു.

വാക്‌സിന്‍ എടുക്കാന്‍ വിമുഖതയോ പേടിയോ ഉള്ളവരെയാണ് ഇവര്‍ തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയത്. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കാണിച്ച് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിക്കൊടുക്കുന്നതിന് കരുക്കള്‍ നീക്കുകയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വാക്‌സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ നഴ്‌സുമാര്‍ ഇവരോട് ആവശ്യപ്പെടുകയും വാക്‌സിനേഷന്‍ തീയതി നേരത്തേയാക്കാന്‍ ഇവര്‍ ഇടപെടല്‍ നടത്തുകയുമായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

ലഭിച്ച തീയതിക്ക് ഇവര്‍ വാക്‌സിനെടുക്കാന്‍ എത്തിയില്ലെങ്കിലും ഇവര്‍ വന്നതായി കാണിച്ച് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്തായിരുന്നു തട്ടിപ്പ്. ഈ രീതിയില്‍ ഇവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതായി കാണിച്ചാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തു.

250 മുതല്‍ 300 ദിനാര്‍ വരെയാണ് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റിനായി ആളുകളില്‍ നിന്ന് ഈടാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ നഴ്സുമാരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. നാലു പേര്‍ക്ക് മാത്രമാണ് ഈ രീതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളൂ എന്നാണ് അറസ്റ്റിലായ നഴ്‌സുമാര്‍ പറയുന്നത്. ഇത് ശരിയാണോ എന്നറിയാന്‍ കൂുതല്‍ അന്വേഷണം നടത്താനിരിക്കുകയാണ് പോലീസ്.

രാജ്യത്തിലെ കോവിഡ് പ്രതിരോധത്തെ തന്നെ അട്ടിമറിക്കുന്ന കുറ്റകൃത്യമായാണ് പോലീസ് ഇതിനെ കാണുന്നത്. ജയിലും പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷാ വിധിയാണ് ഇവരെ കാത്തിരിക്കുന്നത്. വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ പങ്കുള്ളവരെ പിടികൂടാന്‍ സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.