1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2022

സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള വ്യാജ വിസയിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സജീവമാകുന്നതായി സൂചന. യാതൊരു നിയമ സാധുതയുമില്ലാത്ത വ്യാജ പേപ്പർ വിസ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കുറിച്ച് ആന്ധ്രപ്രദേശ് പൊലീസാണ് മുന്നറിയിപ്പ് നൽകിയത്.

വീട്ടുജോലിക്കാർ, അവിദഗ്ധ, അർദ്ധ വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവരെയാണ് വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾ ഇരകളാകുന്നത്. കുവൈത്തിൽ ജോലി തേടുന്നവരിൽനിന്ന് പണമീടാക്കിയ ശേഷം വ്യാജ വിസകൾ നൽകിയാണ് തട്ടിപ്പ്. ആന്ധ്രപ്രദേശ് പൊലീസ് നടത്തിയ പരിശോധനയിൽ കുവൈത്തിലേക്കുള്ള 27,000 വ്യാജ വിസകൾ കണ്ടെത്തിയതായാണ് വിവരം.

ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ കുവൈത്തിൽനിന്ന് ഇഷ്യു ചെയ്‌തെന്ന് പറഞ്ഞു നൽകിയ 37,208 വിസകൾ പരിശോധിച്ചതിൽ 10,280 എണ്ണം മാത്രമായിരുന്നു ഒറിജിനൽ. 27,000ത്തോളം വിസകൾ കൃത്രിമമായി ഉണ്ടാക്കിയതാകാമെന്നാണ് പൊലീസ് നിഗമനം.

നിരപരാധികളായ ഇരകളെ കബളിപ്പിക്കുന്ന പ്രാദേശിക റിക്രൂട്ട്മെന്റ് ഏജൻസികളുടെ എണ്ണം വർധിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി സംസ്ഥാന പൊലീസ് മേധാവി മല്ലിക ഗാർഗ് പറഞ്ഞു. വ്യാജ വിസയുമായി കുവൈത്തിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ഇരകൾ അറിയുന്നത്.

വിസ സാധുതയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, കുവൈത്തിൽനിന്ന് തിരിച്ച് മടങ്ങിയവരിൽനിന്ന് കൂടുതൽ പണം ആവശ്യപ്പെട്ട് റിക്രൂട്ട്മെന്റ് ഏജന്റുമാർ ഭീഷണിപെടുത്തുന്നതായും പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. കുവൈത്തിൽനിന്ന് മടങ്ങിയ ഗാർഹിക ജോലിക്കാരുടെ പരാതിയിൽ കേരളത്തിലെ വിവിധ ഏജന്റുമാർക്കെതിരെ അടുത്തിടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.