1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ ഫാമിലി വിസിറ്റ് വീസ, ടൂറിസ്റ്റ് വീസ കാലാവധി പ്രഖ്യാപിച്ചു. ഫാമിലി സന്ദര്‍ശക വീസകള്‍ക്ക് ഒരു മാസവും ടൂറിസ്റ്റ് വീസകള്‍ക്ക് മൂന്ന് മാസവുമാണ് സാധുതയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശകര്‍ നിശ്ചിത കാലാവധിക്കുള്ളില്‍ രാജ്യംവിടണം. വീസ കാലാവധിക്കു ശേഷം രാജ്യത്ത് തങ്ങിയാല്‍ സാമ്പത്തിക പിഴകള്‍ക്കും നിയമനടപടികള്‍ക്കും കാരണമാവും. ഇത് ആജീവനാന്ത വീസ നിരോധനത്തിലേക്ക് നയിച്ചേക്കാം.

ഫാമിലി വിസിറ്റ് വീസയുടെ ഒരു മാസത്തെ കാലാവധി തീര്‍ത്തും അപര്യാപ്തമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സന്ദര്‍ശന വീസയുടെ സാധുത മൂന്ന് മാസം വരെ നീട്ടണമെന്ന് അറബി ദിനപത്രമായ അല്‍ അന്‍ബ നടത്തിയ അഭിമുഖത്തില്‍ നിരവധി പ്രവാസികള്‍ ആവശ്യപ്പെട്ടു. വിസിറ്റ് വീസയില്‍ ഭാര്യയേയോ ഭര്‍ത്താവിനെയോ മക്കളെയോ മാതാപിതാക്കളെയോ കൊണ്ടുവരുമ്പോള്‍ ഒരു മാസത്തേക്ക് മാത്രമായി അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്കെടുക്കുന്നതും യാത്രാ ചെലവുകള്‍ വഹിക്കുന്നതും വലിയ നഷ്ടമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒന്നര വര്‍ഷത്തോളമായി എല്ലാവിധ വിസിറ്റ് വീസകളും കുവൈത്ത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച (ഫെബ്രുവരി 7) മുതലാണ് കുടുംബ, വാണിജ്യ, വിനോദസഞ്ചാര സന്ദര്‍ശനങ്ങള്‍ക്കുള്ള വീസ അപേക്ഷകള്‍ വീണ്ടും സ്വീകരിച്ചുതുടങ്ങിയത്. പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി സന്ദര്‍ശന വീസ പുനരാരംഭിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ആണ് അറിയിച്ചത്.

കുവൈത്തിലെ ആറ് ഗവര്‍ണറേറ്റുകളിലെയും റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ ആദ്യ ദിവസം തന്നെ വിസിറ്റ് വീസയ്ക്ക് അപേക്ഷിക്കാന്‍ നിരവധി പ്രവാസികളാണ് എത്തിയതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിസിറ്റ് വീസ അപേക്ഷകര്‍ MATTA പ്ലാറ്റ്ഫോം വഴി അപ്പോയിന്റ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യണം.

2022 ജൂണിലാണ് കുടുംബ സന്ദര്‍ശന വീസകളും ടൂറിസ്റ്റ് വീസകളും നല്‍കുന്നത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. രാജ്യത്തിന്റെ വാണിജ്യ, സാമ്പത്തിക, വിനോദസഞ്ചാര മേഖലകളെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശന വീസ വീണ്ടും അനുവദിക്കുന്നത്.

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍യൂസഫ് അല്‍സബാഹ് സന്ദര്‍ശന വീസ പുനരാരംഭിക്കാന്‍ ഉത്തരവ് നല്‍കിയത്. കഴിഞ്ഞ മാസമാണ് രാജ്യത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. നിലവിലെ കുവൈത്ത് അമീറിന്റെ വേര്‍പാടിനെ തുടര്‍ന്ന് ഭരണഘടന പ്രകാരം നിലവിലെ സര്‍ക്കാര്‍ രാജിവയ്ക്കുകയും പുതിയ അമീറിന്റെ കീഴില്‍ പുതിയ പ്രധാനമന്ത്രിയേയും മന്ത്രിസഭാംഗങ്ങളേയും നിശ്ചയിക്കുകയുമായിരുന്നു. വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടൂറിസം ഉള്‍പ്പെടെ എല്ലാ വിധ സന്ദര്‍ശന വീസകളും പുനരാരംഭിക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചത്.

വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, ശമ്പളം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫാമിലി വീസ അനുവദിക്കുക. 800 കുവൈത്ത് ദിനാര്‍ (2,16,150 രൂപ) എങ്കിലും ശമ്പളമുള്ളവര്‍ക്കാണ് കുടുംബത്തെ കൊണ്ടുവരാന്‍ അനുവാദം. കൂടാതെ സര്‍വകലാശാല ബിരുദം ഉണ്ടായിരിക്കണമെന്നും അക്കാദമിക് യോഗ്യതയുമായി പൊരുത്തപ്പെടുന്ന ജോലിയായിരിക്കണമെന്നും നിബന്ധനയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.