1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2023

സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് നിശ്ചിത ഫീസ് വാങ്ങി മരുന്നുകള്‍ നല്‍കുന്ന നിലവിലെ രീതിക്ക് പകരം മരുന്നിന്റെ പൂര്‍ണമായ വില ഈടാക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും അഞ്ച് കുവൈത്ത് ദിനാര്‍ ഈടാക്കിയാണ് പ്രവാസികള്‍ക്ക് മരുന്ന് നല്‍കുന്നത്. എന്നാല്‍ ഇത് നിര്‍ത്തലാക്കി മരുന്നിന്റെ വില തന്നെ ഈടാക്കുന്ന സംവിധാനം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയതായാണ് മാധ്യമങ്ങള്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിക്ക് ഉടന്‍ സമര്‍പ്പിക്കും.

മന്ത്രാലയത്തിന്റെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും മരുന്നുകളുടെ ഉപഭോഗം വളരെ കൂടുതലാണെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അത് നിയന്ത്രിക്കുകയെന്നതാണ് പുതിയ നീക്കത്തിന് പിന്നില്‍. കുവൈത്ത് പൗരന്‍മാര്‍ വാങ്ങുന്ന മരുന്നിനേക്കാള്‍ ഇരട്ടി മരുന്നുകള്‍ പ്രവാസികള്‍ വാങ്ങിക്കൊണ്ടുപോവുന്നു എന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രാജ്യത്ത് പ്രവാസികളുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വദേശികളെക്കാള്‍ കൂടുതലാണ് പ്രവാസികള്‍ വാങ്ങുന്ന മരുന്നിന്റെ നിരക്കെന്നും മന്ത്രാലയം വിലയിരുത്തുന്നു. മരുന്ന് പാഴായിപ്പോകാതെ നോക്കുന്നതിന് മെഡിക്കല്‍ സ്റ്റോറുകളിലും സര്‍ക്കാര്‍ ഫാര്‍മസികളിലും കര്‍ശന നിയന്ത്രണം ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞതായി കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പലപ്പോഴും ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ വാങ്ങുന്ന സംഭവങ്ങളുമുണ്ട്. പ്രവാസികള്‍ ചികിത്സയ്ക്കെത്തുന്ന ആശുപത്രികളില്‍ ഫീസ് അടയ്ക്കാതെ എക്സ്റേ സേവനങ്ങള്‍ ലഭ്യമാക്കുകയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ചിലപ്പോള്‍ ഒരു തവണ മാത്രം ഫീസ് അടയ്ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പല തവണ ലാബ് സേവനങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന കേസുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആശുപത്രിയിലെ ഡോക്ടര്‍മാരുടെയോ ജീവനക്കാരുടെയോ ഒത്താശയോടെയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. അത്തരം കൃത്രിമങ്ങള്‍ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി മന്ത്രാലയം കര്‍ശനമായ നടപടികള്‍ കൊണ്ടുവരുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇത്തരം കാര്യങ്ങളില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നല്‍കേണ്ട ശിക്ഷാ നടപടികളെ കുറിച്ചും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്.

നേരത്തേ തികച്ചും സൗജന്യമായിട്ടായിരുന്നു കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവാസികള്‍ക്ക് ചികില്‍സയും മരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഇവയ്ക്ക് ഫീസ് ചുമത്താന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. മരുന്നിനും ചികിത്സയ്ക്കും ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്നും അത് ഉടന്‍ പിന്‍വലിക്കണമെന്നും കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

വിദേശികള്‍ താമസ രേഖ പുതുക്കുന്ന സമയത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് നല്‍കുന്നതിനാല്‍ അവരില്‍ നിന്ന് മരുന്നിന് ഫീസ് ഈടാക്കുന്നതും ചികില്‍സയ്ക്ക് അധിക ഫീസ് ചുമത്തുന്നതും ശരിയല്ലെന്നുമായിരുന്നു സമിതിയുടെ നിലപാട്. പ്രവാസികളില്‍ നിന്ന് മരുന്നിന് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ നിബന്ധനയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു അധികൃതര്‍ ചെയ്തത്. അതിനു പിന്നാലെയാണ് മരുന്നിന് പൂര്‍ണമായും പണം നല്‍കണമെന്ന ആവശ്യവുമായി അധികൃതര്‍ മുന്നോട്ടുവന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.