
സ്വന്തം ലേഖകൻ: നാഷനൽ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹിനെ കുവൈത്ത് കിരീടാവകാശിയായി നിശ്ചയിച്ച് അമീരി ഉത്തരവ്. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറയും പുതിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറയും സഹോദരനായ ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ് വ്യാഴാഴ്ച പാർലമെൻറിൽ സത്യപ്രതിജ്ഞ ചെയ്യും.
നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് സ്ഥാനം വഹിച്ചിരുന്ന ശൈഖ് മിശ്അൽ ഇനി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന് കരുത്തുപകരും. 1967 മുതൽ 1980 വരെ ജനറൽ ഇൻവെസ്റ്റിഗേഷൻ മേധാവിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ഏഴാമത്തെ മകനായി 1940ൽ ജനിച്ച അദ്ദേഹം 1960ൽ യു.കെയിലെ ഹെൻഡൺ പൊലീസ് കോളജായ മുബാറകിയ സ്കൂളിലാണ് പഠിച്ചത്. 2004 ഏപ്രിൽ 13നാണ് കാബിനറ്റ് പദവിയോടെ നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ആവുന്നത്. 1973 മുതൽ കുവൈത്ത് പൈലറ്റ്സ് അസോസിയേഷൻ ഒാണററി പ്രസിഡൻറും കുവൈത്ത് റേഡിയോ അമച്വർ സൊസൈറ്റി സ്ഥാപകരിൽ ഒരാളുമാണ് ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ്.
അച്ചടക്കവും കാര്യക്ഷമതയുള്ള സേനയായി നാഷനൽ ഗാർഡിനെ നയിച്ച അനുഭവ സമ്പത്ത് കിരീടാവകാശി എന്ന നിലയിൽ അമീറിന് മികച്ച പിന്തുണ നൽകാൻ ശൈഖ് മിശ്അലിന് തുണയാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല