1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2021

സ്വന്തം ലേഖകൻ: ഗൾഫ് മേഖലയുടെ ഐടി തലസ്ഥാനമാകാൻ കുവൈത്ത്. ഇതിന്റെ ഭാഗമായി ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള റീജ്യണല്‍ ഡാറ്റ സെന്റര്‍ കുവൈത്തില്‍ ആരംഭിക്കാന്‍ ഗൂഗിളുമായി കരാറിലെത്തി. ഇതുസംബന്ധിച്ച് കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രാലയവും ഗൂഗിള്‍ പ്രതിനിധികളും തമ്മില്‍ വര്‍ഷത്തിലേറെയായി നടന്നുവരുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത ദിവസം തന്നെ ഇരു വിഭാഗവും കരാറില്‍ ഒപ്പുവയ്ക്കും.
ഇതു പ്രകാരം മിഡിലീസ്റ്റിലെ ഡാറ്റ സെന്റര്‍ ഗൂഗിള്‍ കുവൈത്തില്‍ സ്ഥാപിക്കും. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഇന്റര്‍നെറ്റ്- ഐടി ഉപയോക്താക്കള്‍ക്ക് സേവനം ലഭിക്കുന്ന രീതിയിലായിരിക്കും ഇത് സജ്ജമാക്കുക. വാര്‍ത്താ വിനിമയം, വിവര സാങ്കേതിക വിദ്യ, ക്ലൗഡ് സ്‌റ്റോറേജ് തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്തുന്നതായിരിക്കും കരാര്‍.

മേഖലയിലെ ഇന്റര്‍നെറ്റ് ഹബ്ബായി മാറുന്നതോടെ കുവൈത്തിലെ ഡിജിറ്റല്‍വല്‍ക്കരണത്തിന് വേഗം കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് വഴി ഐടി മേഖലയില്‍ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കുവൈത്തില്‍ പുതിയ സെന്റര്‍ സ്ഥാപിക്കുന്നതോടെ മേഖലയിലെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ക്ലൗഡ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കുവൈത്തിന് കഴിയും. ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കുവൈത്തിലെ ഡാറ്റ സെന്റര്‍ ഒരുക്കുകയെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി നേരത്തെ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. കുവൈത്തിന് മിഡിലീസ്റ്റ് രാജ്യങ്ങള്‍ക്കിടയിലുള്ള അംഗീകാരവും രാഷ്ട്രീയ സ്ഥിരത, സുരക്ഷിതത്വം, അന്തര്‍ദേശീയ സമൂഹവുമായി ചേര്‍ന്നുള്ള കുവൈത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഗൂഗ്ള്‍ ഡാറ്റ സെന്റര്‍ രാജ്യത്തിലേക്ക് ആകര്‍ഷിക്കാന്‍ കുവൈത്തിന് തുണയായതെന്നാണ് വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.