
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ജോലി കരാർ മൂന്നുവർഷമാക്കും. നിലവിലെ ഒരുവർഷമെന്ന രീതി മാറ്റണമെന്ന് സിവിൽ സർവീസ് കമീഷൻ ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകി.
നിലവിലെ കരാർ കാലാവധി കഴിയുന്നമുറക്കാണ് പുതിയ കരാറിലേക്ക് മാറുക. ഒാരോ കേസും പ്രത്യേകമായി പരിഗണിക്കും. മൂന്നുവർഷ കരാർ വേണ്ടതില്ല എന്ന് തോന്നുന്ന തസ്തികക്കും ജീവനക്കാർക്കും അതനുസരിച്ചുള്ള കരാറാണ് തയാറാക്കുക. സിവിൽ സർവീസ് കമീഷൻ നിർദേശത്തിന് ആരോഗ്യ മന്ത്രാലയത്തിന് എതിർപ്പില്ല എന്നാണ് വിവരം. തൊഴിൽ കരാർ കാലാവധി വർധിപ്പിക്കുന്നത് വിദേശ തൊഴിലാളികൾക്ക് സൗകര്യമാണ്.
സ്വദേശിവത്കരണ ഭാഗമായി വിവിധ മന്ത്രാലയങ്ങളിൽനിന്ന് വിദേശികളെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെങ്കിലും മതിയായ സ്വദേശികളെ ലഭ്യമാവാത്തതുകൊണ്ട് ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ വിഷമിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിൽനിന്ന് നിരവധി ഡോക്ടർമാരും നഴ്സുമാരും സമീപ മാസങ്ങളിൽ രാജിവെച്ചു.
കോവിഡ് കാലത്ത് ജോലി ഭാരം അധികമായതും ആസ്ട്രേലിയ, കാനഡ ഉൾപ്പെടെ രാജ്യങ്ങളിൽ നല്ല അവസരം ലഭിക്കുന്നതുമാണ് ഇതിന് കാരണം. ഇതുകൂടി കണക്കിലെടുത്താണ് തൊഴിൽ കരാർ കാലാവധി നീട്ടുന്നതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല