1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2021

സ്വന്തം ലേഖകൻ: കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറം സപ്തംബര്‍ 29ന് നടക്കും. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറം സഫാത്തിലെ ഡിപ്ലൊമാറ്റിക് എന്‍ക്ലൈവിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3.30ന് ആരംഭിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കും ഇത്തവണത്തെ ഓപ്പണ്‍ ഫോറത്തിലെ പ്രധാന അജണ്ട. ഈ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അംബാസഡര്‍ മറുപടി പറയും. അതോടൊപ്പം ഓപ്പണ്‍ ഫോറത്തില്‍ ഉന്നയിക്കപ്പെടുന്ന പ്രവാസികളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.

കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈന്‍ യോഗത്തിന് പകരം നേരിട്ടുള്ള യോഗമാണ് നടക്കുകയെന്ന് എംബസി അറിയിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ community.kuwait@mea.gov.in എന്ന ഇമെയിലിലേക്ക് മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും പരിപാടിയില്‍ പ്രവേശനം.

ഓപ്പണ്‍ ഫോറത്തില്‍ പ്രത്യേക പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ളവര്‍ക്ക് അവരുടെ ചോദ്യങ്ങള്‍ ഇതേമെയിലേക്ക് അയക്കാം. പാസ്‌പോര്‍ട്ടിലുള്ള പൂര്‍ണമായ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, കുവൈറ്റിലെ താമസ വിലാസം തുടങ്ങിയ വിവരങ്ങളും ചോദ്യത്തോടൊപ്പം നല്‍കണം. അല്ലാത്ത ചോദ്യങ്ങള്‍ പരിഗണിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ചോദ്യോത്തര സെഷന്‍ ഒഴികെയുള്ള ഓപ്പണ്‍ ഫോറത്തിന്റെ നടപടിക്രമങ്ങള്‍ എംബസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ (https://m.facebook.com/indianembassykuwa-it/) ലൈവ് സ്ട്രീമിംഗ് നടത്തും. കമ്മ്യൂണിറ്റി വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ നേരത്തേ പേര് നല്‍കിയ ആളുകള്‍ ഓപ്പണ്‍ ഫോറത്തില്‍ നേരിട്ട് പങ്കെടുക്കണമെന്നും എംബസി അറിയിച്ചു. അവരും അവരുടെ പേര് വിവരങ്ങള്‍ മുന്‍കൂട്ടി ഇ മെയില്‍ ചെയ്യണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.