1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്.അധികാരമേറ്റു. കുവൈത്ത് വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസ്സര്‍ മുഹമ്മദ് അല്‍ സബാഹിന് അധികാര കൈ മാറ്റത്തിന്റെ പത്രിക പുതിയ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഞായറാഴ്ച കൈമാറി.

ചടങ്ങില്‍ കുവൈത്ത് ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി ഖാലിദ് അല്‍ ജാറള്ള, പ്രോട്ടോകാള്‍ അസിസ്റ്റന്റ് വിദേശകാര്യമന്ത്രി ദാരി അല്‍ അജ്റാന്‍ എന്നിവരും സന്നിഹിതരായിരുന്നു. മുന്‍ സ്ഥാനപതി കെ.ജീവസാഗര്‍ മെയ് 31 ന് വിരമിച്ച ഒഴിവിലേക്കാണ് കോട്ടയം പാലാ സ്വദേശിയായ സിബി ജോര്‍ജ് നിയമിതനായത്.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1993 ബാച്ച് ഉദ്യോഗസ്ഥനാണ് സിബി.ജോര്‍ജ്. പൊളിറ്റിക്കല്‍ ഓഫീസറായി ഈജിപ്തില്‍ ആയിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറിയായും, പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ ആയും, തുടര്‍ന്ന് പൊളിറ്റിക്കല്‍ കൗണ്‍സിലറും കൊമേഴ്‌സ്യല്‍ കൗണ്‍സിലറുമായി അമേരിക്കയില്‍.

സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ചുമതലയും കൈകാര്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഈസ്റ്റ്- ഏഷ്യാ ഡിവിഷനിലും ഇന്ത്യോ-ആഫ്രിക്ക ഫോറം സമ്മിറ്റിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. അറബി ഭാഷയിലും നല്ല പ്രാവീണ്യവും, കൈറോ അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ നിന്നു അറബി ഭാഷയില്‍ പി ജി ഡിപ്ലമോ നേടിയിട്ടുള്ള സിബി ജോര്‍ജ് ഐ.എഫ്.എസില്‍ മികച്ച സേവനത്തിനുള്ള എസ് .കെ.സിംഗ് അവാര്‍ഡ് ഫോര്‍ എക്സലന്‍സിന് 2014-ല്‍ അര്‍ഹനായിരുന്നു.

കോട്ടയം ജില്ലയിലെ പാലയാണ് ജന്മസ്ഥലം. പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹത്തിന്റെ ഭാര്യ ജോയ്‌സ് ജോണ്‍, രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. 2017-നവംബര്‍ മുതല്‍ സിബി ജോര്‍ജ് സ്വിറ്റ്സര്‍ലെന്റെിലെ സ്ഥാനപതിയാണ്.

ഇതോടെ കുവൈത്തിലെത്തുന്ന രണ്ടാമത്തെ മലയാളി ഇന്ത്യന്‍ സ്ഥാനപതിയാണ് സിബി ജോര്‍ജ്. പ്രമുഖ എഴുത്തുകാരന്‍ കലിക മോഹന്‍ എന്നറിയപ്പെടുന്ന ബി എം സി നായരാണ് ആദ്യമായി കുവൈത്തിലെത്തിയ മലയാളി ഇന്ത്യന്‍ സ്ഥാനപതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.