1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2019

സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ എംബസി നടപടിക്കെതിരെ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം മുഖേന സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് നവീൻ ചൗള നാലാഴ്ചക്കകം വിശദീകരണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനു നോട്ടീസ് അയച്ചത്.

കഴിഞ്ഞ വർഷം വരെ ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ 250ലേറെ കൂട്ടായ്മകൾ കുവൈത്തിൽ പ്രവർത്തിച്ചിരുന്നു. ഇതിൽ രാഷ്ട്രീയ പാർട്ടികളുടെ പോഷകഘടകങ്ങൾ മുതൽ പഞ്ചായത്തു തലത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ സംഘടനകളുടെ രജിസ്ട്രേഷന് എംബസ്സി പുതിയ മാനദണ്ഡം ഏർപ്പെടുത്തിയതോടെ ജില്ലാ അസോസിയേഷനുകൾക്കു ഉൾപ്പെടെ അംഗീകാരം നഷ്ടമായി.

കുറഞ്ഞത് അഞ്ഞൂറ് അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും അംഗങ്ങളുടെ പട്ടിക ഹാജരാക്കണമെന്നും ആയിരുന്നു എംബസ്സി മുന്നോട്ടു വെച്ച പ്രധാന നിബന്ധന. സജീവമായി പ്രവർത്തിക്കുന്ന പല മുഖ്യധാര സംഘടനകൾക്കും അംഗീകാരം നഷ്ടപ്പെട്ടതും കടലാസിൽ മാത്രം പ്രവർത്തിക്കുന്ന ചില സംഘടനകൾ എംബസ്സി പട്ടികയിൽ ഇടം പിടിച്ചതും ചൂണ്ടിക്കാട്ടി പ്രവാസി സംഘടനകൾ രാഷ്ട്രപതിക്കും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

ഇതേ തുടർന്നു സാമൂഹ്യപ്രവർത്തകനും ഒ.എൻ.സി.പി ഭാരവാഹിയുമായ ബാബു ഫ്രാൻസിസ് പ്രവാസി ലീഗൽ സെൽ മുഖേന ഡൽഹി ഹൈകോടതിയിൽ ഹരജി നൽകുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി നാലാഴ്ചക്കകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് വിദേശകാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചത്. കേസ് ഡിസംബർ അഞ്ചിന് ഹൈകോടതി വീണ്ടും പരിഗണിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.