
സ്വന്തം ലേഖകൻ: കുവൈത്തിലെ സിബിഎസ്ഇ 10,12 ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുവൈത്തിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയേറി. കുവൈത്തിലെ 17 ഇന്ത്യൻ സ്കൂളുകളിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് 2844 കുട്ടികളും 12ാം ക്ലാസിൽ 1885 കുട്ടികളുമുണ്ട്.
ഈ മാസം നടക്കേണ്ടിയിരുന്ന പരീക്ഷകൾ സിബിഎസ്ഇ മേയ് 4 മുതൽ ജൂൺ 14 വരെയായി ക്രമീകരിച്ചു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ സെപ്റ്റംബറിൽ മാത്രമേ തുറക്കൂ. പരീക്ഷാ നടത്തിപ്പിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിക്കാൻ സാധ്യതയില്ല. ജനുവരിയിൽ പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതിന് അനുമതി നൽകിയിരുന്നെങ്കിലും അവസാനം മന്ത്രാലയം പിൻവലിച്ചിരുന്നു.
ഗൾഫിലെ കുട്ടികൾക്ക് ഇന്ത്യയിലെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ അനുമതി നൽകുമെന്ന സിബിഎസ്ഇ നിലപാടാണ് ഏക ആശ്വാസം. എന്നാൽ പരീക്ഷാ സമയത്തിന് മുൻപ് നാട്ടിൽ എത്താനുള്ള തടസ്സങ്ങളും കുടുംബങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. നാട്ടിൽ പരീക്ഷയെഴുതാൻ താൽപര്യപ്പെടുന്ന കുട്ടികളുടെ വിവരം ശേഖരിക്കാൻ ഏതാനും സ്കൂളുകൾ നടപടിയെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല