
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 3500ൽനിന്ന് 5000 ആക്കി ഉയർത്തി. വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവിസ് പുനരാരംഭിച്ചതിനോട് അനുബന്ധമായാണ് യാത്രക്കാരുടെ പരമാവധി പരിധി ഉയർത്തിയത്. വ്യോമയാന വകുപ്പിൻ്റെ സർക്കുലറിന് ബുധനാഴ്ച മുതൽ പ്രാബല്യമുണ്ട്. വിമാന സർവിസുകളുടെ പരിധിയും ഉയർത്തിയിട്ടുണ്ട്.
ഒരു ദിവസം 67 വിമാനങ്ങൾക്ക് സർവിസ് നടത്താനാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളതെന്ന് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾക്ക് വിധേയമായി മാത്രമേ യാത്രക്കാരെ അനുവദിക്കൂ. ആഗസ്റ്റ് ഒന്നുമുതലാണ് വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇത് പ്രാബല്യത്തിലാകുന്ന മുറക്ക് വിമാന സർവിസുകളുടെ എണ്ണവും യാത്രക്കാരുടെ പരിധിയും ഉയർത്തിയേക്കും. കുവൈത്തിൽ സാധുവായ ഇഖാമയുള്ള വിദേശികൾക്ക് ജോലി ഏതാണെന്ന് പരിഗണിക്കാതെ തന്നെ വരാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.കുവൈത്ത് അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് എടുത്തിരിക്കണം എന്ന് മാത്രമാണ് നിബന്ധനയായി വെച്ചിട്ടുള്ളത്.
ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിലേക്ക് പ്രവേശനവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ നടപടിക്രമങ്ങൾ വൈകാതെ പ്രഖ്യാപിക്കും. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത സംഘം അടുത്ത ദിവസം ചേരുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യും.കോവിഡ് വ്യാപനം കൂടുതലുള്ള 30ലേറെ രാജ്യങ്ങളെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയുള്ള തരംതിരിവ് ഉണ്ടാകില്ലെന്നാണ് സൂചന.
കുവൈത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് കുവൈത്തിൽ സാധുവായ ഇഖാമയുണ്ടെങ്കിൽ ഏത് രാജ്യത്തുനിന്നായാലും വരാം എന്നരീതിയിലാകും ക്രമീകരണം. അതുകൊണ്ടുതന്നെ ഇന്ത്യക്കാർക്ക് ഉൾപ്പെടെ മറ്റൊരു രാജ്യത്തേക്ക് ഇടത്താവളമാക്കേണ്ടിവരില്ല. നേരത്തെ രാജ്യങ്ങളെ തരംതിരിക്കുകയും രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല