
സ്വന്തം ലേഖകൻ: മെയ് 22 മുതൽ പ്രതിദിനം കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാവുന്നവരുടെ എണ്ണം 5,000 ആക്കുമെന്ന് വ്യോമയാന വകുപ്പിലെ എയർ ട്രാൻസ്പോർട്ട് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രജാഹി അറിയിച്ചു. നിലവിൽ 1000 പേർക്കാണ് അനുമതിയുള്ളത്. വേനൽ സീസണിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ കൊറോണ എമർജൻസി സുപ്രീം കൗൺസിൽ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം വിദേശികൾക്ക് കുവൈത്തിലേക്കുള്ള പ്രവേശന നിരോധനം തുടരുമെന്ന് അധികൃതർ അറിയിച്ചു. അക്കാര്യത്തിൽ മന്ത്രിസഭ ഇതേവരെ തീരുമാനം എടുത്തിട്ടില്ല. നേരിട്ടുള്ള യാത്ര വിലക്കുള്ളവരുടെ പട്ടികയിൽ നേപ്പാൾ, ശ്രീലങ്ക,പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വദേശികളും അവരുടെ അടുത്ത ബന്ധുക്കളും വിദേശത്തുണ്ടെങ്കിൽ അവർക്ക് കുവൈത്തിൽ പ്രവേശിക്കാം. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിലവിൽ 10% മാത്രമാണ് പ്രവർത്തനം. കുവൈത്തിൽ നിന്ന് സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുമതിയുണ്ട്.
യാത്രയ്ക്ക് മുൻപ് അവർ Kuwait Musafer എന്ന ആപ്പിൽ റജിസ്റ്റർ ചെയ്യണം. സ്വദേശികൾ വാക്സീൻ എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്. കുവൈത്തിൽ മൂന്നാം ഘട്ട ഫീൽഡ് കോവിഡ് വാക്സിനേഷൻ കാമ്പയിൻ ഇൗ ആഴ്ച തുടക്കം കുറിക്കും. പെരുന്നാൾ അവധി ദിവസങ്ങൾക്ക് ശേഷമാണ് കാമ്പയിൻ ആരംഭിക്കുക.
മേയ് 12 ഞായറാഴ്ച വരെയാണ് പെരുന്നാൾ അവധി. ഒന്നാം ഘട്ടത്തിൽ സഹകരണ സംഘം ജീവനക്കാർക്കും മസ്ജിദ് ജീവനക്കാർക്കുമാണ് മൊബൈൽ യൂനിറ്റുകൾ വഴി കുത്തിവെപ്പെടുത്തത്. 5000 മസ്ജിദ് ജീവനക്കാർക്ക് വാക്സിൻ നൽകി. ബാങ്കിങ് മേഖലയിലെ 3000 ജീവനക്കാരും കുത്തിവെപ്പെടുത്തു.
ഫെബ്രുവരിയിൽ 2000 കിടപ്പു രോഗികൾക്കും വീട്ടിലെത്തി കുത്തിവെപ്പെടുത്തിരുന്നു. രണ്ടാം ഘട്ടത്തിൽ ഷോപ്പിങ് മാളുകളാണ് പരിഗണിച്ചത്. അടുത്ത ഘട്ടത്തിൽ ബാക്കിയുള്ള ഷോപ്പിങ് കോംപ്ലക്സുകളിലായിരിക്കും എന്നാണ് വിവരം. ജനങ്ങളുമായി കൂടുതൽ അടുത്തിടപെടുന്ന തരം തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നത്. ഉപഭോക്തൃ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കാണ് മുഖ്യപരിഗണന.
വാക്സിനേഷനായി 10 മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ പ്രവർത്തിക്കുന്നു. അതിൽ നഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരുൾപ്പെടും.ഓരോ ആരോഗ്യ മേഖലക്കും രണ്ടു യൂണിറ്റ് എന്ന രീതിയിലാണ് അനുവദിച്ചിരിക്കുന്നത്.
കുവൈത്ത് വിമാനത്താവളത്തിൽ 20മുതൽ 30 സെക്കൻഡിനുള്ളിൽ പരിശോധനാഫലം ലഭ്യമാകുന്ന പുതിയ സംവിധാനം സ്ഥാപിക്കാനും ശ്രമം നടക്കുന്നുണ്ട്. ചുരുങ്ങിയ സമയത്തിനകം ആയിരക്കണക്കിന് ആളുകളെ പരിശോധിക്കാൻ കഴിയുന്ന സംവിധാനം 98% വരെ കൃത്യമാണെന്നാണ് അധികൃതർ പറയുന്നത്. കൂടുതൽ വിമാനങ്ങൾ സർവീസ് പുനരാരംഭിക്കുന്നതോടെ പരിശോധനാഫലം എളുപ്പത്തിൽ ലഭ്യമാകുന്ന സംവിധാനം അനിവാര്യമാണെന്നതാണ് അധികൃതരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല