.സ്വന്തം ലേഖകൻ: കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലസമയം. എയർഇന്ത്യ എക്സ്പ്രസ് നവംബർ, ഡിസംബർ മാസങ്ങളിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു. കോഴിക്കോട്ടേക്ക് ഈ മാസം അവസാനം 32 ദീനാറിന് ടിക്കറ്റ് ലഭ്യമാണ്. ഈ മാസം 30 മുതൽ ഡിസംബർ 15 വരെ 48 ദീനാറാണ് നിലവിൽ വെബ്സൈറ്റിൽ കാണിച്ച നിരക്ക്. ഡിസംബർ 16 മുതൽ 40 ദീനാറിന് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് ലഭ്യമാണ്. ജനുവരിയിലെ ആദ്യ രണ്ടാഴ്ച നിരക്ക് 68 ദീനാറിലേക്ക് ഉയരും. ജനുവരി പകുതിയോടെ 60 ദീനാറാണ് നിരക്ക്.
കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒഴികെ നിലവിൽ ആഴ്ചയിൽ എയർഇന്ത്യ എക്സ്പ്രസ് നാലു സർവിസുകളാണുള്ളത്. ഡിസംബർ മുതൽ ചൊവ്വ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ സർവിസുണ്ടാകും. ഈ മാസം കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് 20, 23, 27 തീയതികളിൽ 36 ദീനാർ മുതൽ ലഭ്യമാണ്. ഡിസംബറിൽ ടിക്കറ്റ് നിരക്കിൽ ഉയർച്ചയുണ്ട്. ആദ്യ ആഴ്ച 54 ദീനാറും തുടർന്നുള്ള ദിവസങ്ങളിൽ 60 ദീനാറിന് മുകളിലും എത്തും. ഡിസംബർ 14ന് 86 ദീനാറും, 21ന് 68 ദീനാറുമാണ് നിലവിലുള്ള നിരക്ക്. ജനുവരിയിലെ ആദ്യ ആഴ്ചകളിൽ 68 ദീനാറാണ് നിരക്ക്.
കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടു സർവിസുകളാണുള്ളത്. കോഴിക്കോട്ടുനിന്ന് കുവൈത്തിൽനിന്ന് ഈ മാസം 53 ദീനാറാണ് ഉയർന്ന നിരക്ക്. ഡിസംബർ അവസാനത്തിൽ 71 ദീനാറും 31ന് 91 ദീനാറും ആയി ഉയരും. ജനുവരി ആദ്യവാരം 91 ദീനാറും തുടർന്ന് 71 ദീനാറുമാണ്. കണ്ണൂരിൽനിന്ന് കുവൈത്തിലേക്ക് ഈ മാസം 31 മുതൽ നിരക്ക് ഉയരും. ഡിസംബർ ആദ്യ ദിവസങ്ങളിൽ 63 ദീനാറും 28ന് 82 ദീനാറുമാണ് നിലവിൽ കാണിക്കുന്ന നിരക്ക്. ജനുവരി ഒന്നിന് 98 ദീനാർ, നാലിന് 110 ദീനാർ എന്നിങ്ങനെ ഉയർന്ന നിരക്കാണ്.
സൗജന്യ ചെക്ക്ഇൻ ബാഗേജിലും അധികം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കുറഞ്ഞ നിരക്ക് ഡിസംബർ 10 വരെ. ഈ കാലയളവിൽ 10 കിലോ അധിക ബാഗേജിന് ഒരു ദീനാർ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദീനാറാണ് ഈടാക്കുക.
ഡിസംബർ 11 വരെ യാത്രചെയ്യുന്നവർക്കും ടിക്കറ്റ് എടുക്കുന്നവർക്കും മാത്രമാണ് ഈ ഓഫർ. കുവൈത്തിൽനിന്നുള്ള യാത്രക്ക് മാത്രമാണ് ഈ കുറവ്. കുവൈത്തിൽനിന്ന് നാട്ടിലേക്ക് നിലവിൽ 30 കിലോ ചെക്ക്ഇൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജും സൗജന്യമാണ്. നാട്ടിൽനിന്ന് 20 കിലോ ചെക്ക്ഇൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജും സൗജന്യമായി കൊണ്ടുവരാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല