
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമായി തുടരുന്നു. പൊതുമരാമത്തു മന്ത്രാലയത്തില്‍ നിന്നും 80 വിദേശികളെ കുവൈത്ത് പിരിച്ചു വിടുകയാണ്. കണ്‍സള്‍ട്ടന്റുമാര്‍, അക്കൗണ്ടന്റുകള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ തസ്തികയില്‍ ഉള്‍പ്പെടുന്ന 80 വിദേശികളെയാണ് കുവൈത്ത് പബ്ലിക് വര്‍ക്ക്‌സ് മന്ത്രാലയത്തില്‍ നിന്ന് പിരിച്ചുവിടുന്നത്.
കുവൈത്ത് പബ്ലിക് വര്‍ക്ക്‌സ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ഇസ്മയില്‍ അല്‍ ഫായിലഖാവിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 2021 മാര്‍ച്ചോടെ ഇവരുടെ സേവനം അവസാനിപ്പിക്കുന്നതിനാണ് തീരുമാനം.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്ത് സ്വദേശികളെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായുള്ള അടുത്ത ഘട്ട നടപടികളാണിതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റുമാര്‍, അക്കൗണ്ടന്റുകള്‍, എഞ്ചിനീയര്‍മാര്‍ എന്നിവരെ കൂടാതെ കൂടാതെ സ്‌പെഷ്യല്‍ കോണ്‍ട്രാക്ട് വ്യവസ്ഥകളിൽ ഉണ്ടായിരുന്നവർക്കും ജോലി നഷ്ടമായിട്ടുണ്ട്.
തുടര്‍നടപടികളുടെ ഭാഗമായി ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കിക്കഴിഞ്ഞു. അതോടൊപ്പം തുടര്‍നിയമ നടപടികള്‍ക്കായി ഇവരുടെ വിവരങ്ങള്‍ സിവില്‍ സര്‍വീസ് കമ്മീഷന് മന്ത്രാലയം കൈമാറി.
നിയമലംഘനം നടത്തുകയും മുന്നറിയിപ്പ് നൽകിയിട്ടും തിരുത്താതിരിക്കുകയും ചെയ്യുന്ന കമ്പനികളിലെ മുഴുവൻ തൊഴിലാളികളെയും നാടുകടത്തുമെന്ന് മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകി. തൊഴിൽ നിയമം ലംഘിക്കുന്ന കമ്പനികളുടെ ഫയൽ മരവിപ്പിക്കുകയാണ് ചെയ്തുവരുന്നത്. എന്നിട്ടും നിരവധി കമ്പനികൾ മാൻപവർ അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ തീർക്കാതെ ബിസിനസ് പതിവ് പോലെ തുടരുകയും ചെയ്യുന്നു. ഇത് അനുവദിക്കില്ലെന്നും അടുത്ത വർഷം ശക്തമായ നടപടികളുണ്ടാവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രവർത്തനം അസാധ്യമാക്കും വിധം മുഴുവൻ തൊഴിലാളികളെയും മുന്നറിയിപ്പില്ലാതെ നാടുകടത്തുന്നതാണ് പരിഗണിക്കുന്നതെന്ന് അധികൃതർ സൂചിപ്പിച്ചു. മനുഷ്യക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീസക്കച്ചവടം നടത്തൽ, ഇഖാമ കാലാവധി കഴിഞ്ഞ തൊഴിലാളികളെ ജോലിക്ക് വെക്കൽ, തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനും മതിയായ താമസസൗകര്യം ഉറപ്പാക്കുന്നതിലും വീഴ്ച തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല