
സ്വന്തം ലേഖകൻ: : കുവൈത്തില്‍ ഗണ്യമായ തോതില്‍ വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1,588 വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. ജനുവരി 24 ന് 3,627 വര്‍ക്ക് പെര്‍മിറ്റുകള്‍ റദാക്കിയപ്പോള്‍ ജനുവരി 27 ന് 5,215 ആയി വര്‍ധിച്ചതായും മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും വിദേശികള്‍ കൂട്ടത്തോടെ സ്ഥിര താമസത്തിന് സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകുന്നതുമാണ് പ്രധാന കാരണമായി അതോറിറ്റി ചൂണ്ടി കാണിക്കുന്നത്.
കൂടാതെ ആയിരക്കണക്കിന് വിദേശികള്‍ സ്വന്തം രാജ്യങ്ങളില്‍ അവധിക്ക് പോവുകയും കൊവിഡ് പ്രതിസന്ധിയെ തുടുര്‍ന്ന് മടങ്ങി വരാന്‍ കഴിയാതെ തക്ക സമയത്ത് താമസ രേഖ പുതുക്കാനാവാതെ കുടുങ്ങിയതും വര്‍ക് പെര്‍മിറ്റുകള്‍ റദാക്കുന്നതിന് ഇടയാക്കി.
കൂടാതെ രാജ്യത്ത് നിലവിലുള്ള സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരമായി ജനസംഖ്യയില്‍ മഹാഭൂരിപക്ഷമായി തുടരുന്ന വിദേശ ജനസംഖ്യ 70 ശതമാനം വെട്ടിക്കുറച്ച് 30 ശതമാനമായി നിലനിര്‍ത്തുന്നതിനുള്ള കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങള്‍ പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചക്ക് ഇടയാക്കിയതും വിദേശികളെ ആശങ്കയിലാക്കിയിരിക്കയാണ്.
സ്വദേശിവൽക്കരണത്തിനായി കടുത്ത നിര്‍ദേശങ്ങളുമായി എം.പിമാര്‍ പാര്‍ലമെന്റില്‍ പുതിയ തൊഴില്‍ നിയമ ഭേദഗതി ബില്ല് അവതരിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 750 ദിനാറില്‍ അധികം ശമ്പളമുള്ള ജോലികളില്‍ വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം പാര്‍ലമെന്റ് അംഗങ്ങള്‍ ഉയര്‍ത്തി. ഹിഷാം അല്‍ സാലിഹ് എം.പി.യാണ് ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് നിയമം 15/1976 ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ബില്ല് സമര്‍പ്പിച്ചത്. പ്രത്യേക സൂപ്പര്‍വൈസറി ജോലികള്‍ ഒഴികെ ജീവനക്കാരുടെ നിയമനം, പുനഃക്രമീകരണം, സ്ഥാനക്കയറ്റം എന്നിവ പ്രത്യേക എക്‌സിക്യൂട്ടീവ് സ്ഥാപനത്തിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്നും ബില്ലില്‍ ആവശ്യപ്പെടുന്നു.
കൂടാതെ വിദേശികളെ നിയമിക്കുന്നത് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആയിരിക്കണം, ചില നിശ്ചിത തൊഴില്‍ ചെയ്യുന്നതിന് സ്വദേശികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമേ വിദേശികള്‍ക്ക് അവസരം നല്‍കാന്‍ പാടുള്ളൂ എന്നും ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നു.
കുവൈത്ത് സ്വദേശികള്‍, സ്വദേശികള്‍ അല്ലാത്തവരെ വിവാഹം കഴിച്ച സ്വദേശി സ്ത്രീകളുടെ കുട്ടികള്‍, പൗരത്വ രഹിതര്‍, ജി.സി.സി പൗരന്മാര്‍, വിദേശികള്‍ എന്നിങ്ങനെയാണു ബില്ലില്‍ നിയമനത്തിനുള്ള മുന്‍ഗണനാക്രമം നിശ്ചയിച്ചിരിക്കുന്നത്.
പുതിയതായി 750 ദിനാറില്‍ കൂടുതല്‍ ശമ്പളത്തോടെ നിയമിക്കപ്പെടുകയാണെങ്കില്‍ അവരുടെ പേരും തൊഴില്‍വിവരങ്ങളും ഔദ്യോഗിക സൈറ്റില്‍ പ്രസിദ്ധീകരിക്കണം. കൂടാതെ ജീവനക്കാരെ നിയമിക്കുന്നത് മുമ്പ് ബന്ധപ്പെട്ട സ്ഥാപനം സിവില്‍ സര്‍വീസ് കമ്മീഷനുമായി ബന്ധപ്പെടണം എന്നും ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല