1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2020

സ്വന്തം ലേഖകൻ: കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യുഎസിൽ ചികിത്സയിലായിരുന്നു. 40 വർഷം വിദേശകാര്യ മന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്.

കുവൈത്ത്​ അമീറിന്റെ വിയോഗത്തോടനുബന്ധിച്ച്​ കുവൈത്തിൽ മൂന്നുദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ്​ ഒൗദ്യോഗിക അവധി പ്രഖ്യാപിച്ചത്​. തുടർന്നുള്ള വെള്ളി, ശനി ദിവസങ്ങൾ കൂടി അവധിയായതിനാൽ ഫലത്തിൽ അടുപ്പിച്ച്​ അഞ്ചുദിവസം അവധിയായിരിക്കും.

മുബാറകിയ സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ ഷെയ്ഖ് സബാഹ് സർക്കാർ നടപടികൾ നിയന്ത്രിക്കുന്നതിനായുള്ള സമിതിയിൽ അംഗമെന്ന നിലയിൽ 1954ൽ പൊതുപ്രവർത്തനത്തിനു തുടക്കമിട്ടു. ഒരു വർഷത്തിനുശേഷം സാമൂഹിക-തൊഴിൽ വകുപ്പ് ഡയറക്ടറായി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അക്കാലത്ത് അദ്ദേഹം തുടക്കമിടുകയും ചെയ്തു.

ബ്രിട്ടനിൽനിന്നു കുവൈത്തിനു സ്വാതന്ത്ര്യം ലഭിച്ച 1961ൽ കുവൈത്ത് ഭരണഘടനാ നിർമാണ സമിതിയിൽ ഷെയ്ഖ് സബാഹ് അംഗമായി. 1962ൽ നിലവിൽവന്ന മന്ത്രിസഭയിൽ അദ്ദേഹം ഗൈഡൻസ് വകുപ്പു മന്ത്രിയുമായി. 1963ൽ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 40 വർഷമാണ് ആ സ്ഥാനത്തു തുടർന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യമന്ത്രി പദവി വഹിച്ച വ്യക്തി എന്ന സ്ഥാനവും ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനാണ്. വിദേശകാര്യമന്ത്രി സ്ഥാനം ലോക രാജ്യങ്ങളിലെ നേതാക്കളുമായി ഷെയ്ഖ് സബാഹിനെ അടുപ്പിച്ചു. കുവൈത്തുമായി ബന്ധപ്പെട്ടു രാജ്യാന്തരതലത്തിൽ അനവധി വേദികളിൽ അദ്ദേഹം സജീ‍വ സാന്നിധ്യവുമായി.

ലോകനേതാക്കളുമായി ഷെയ്ഖ് സബാഹിനുള്ള അടുത്ത ബന്ധമായിരുന്നു. 2003ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെയ്ഖ് സബാഹ് 2006ലാണ് അമീർ പദവിയിൽ എത്തിയത്. രാജ്യത്തെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ വിജയകരമായ നേതൃത്വം കൊടുത്തു എന്നതാണു ഷെയ്ഖ് സബാഹ് ഭരണകൂടത്തിന്റെ പ്രധാന നേട്ടം.

2015ൽ 26പേരുടെ മരണത്തിനിടയാക്കിയ ഷിയാപള്ളി ആക്രമണത്തെ തുടർന്നു സ്ഥലത്ത് ഉടൻ കുതിച്ചെത്തി തുടർപ്രവർത്തനങ്ങൾക്കു നേരിട്ടു നേതൃത്വം നൽകിയ ഷെയ്ഖ് സബാഹിന്റെ നീക്കമാണു രാജ്യത്തെ ശാന്തമാക്കിയത്.

കുവൈത്ത്​ അമീറി​െൻറ നിര്യാണത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ്​​ ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ, വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എന്നിവർ അനുശോചിച്ചു. യുഇയിൽ​ മൂന്നു​ ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.

കുവൈത്തിന്റെ പതിനാറാമത് അമീറായി നിലവിലെ ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അധികാരമെറ്റു. ഇന്നു രാവിലെ നടന്ന പ്രത്യേക പാര്‍ലമെന്റ് സെഷനിലാണ് ദേശീയ അസംബ്ലിക്ക് മുമ്പില്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.

ഭരണഘടനക്ക് വിധേയമായി രാജ്യത്തിന്റെയും ജനങ്ങളുടെയും സംരക്ഷണത്തിനും സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിനുമായി പ്രവര്‍ത്തിക്കുമെന്ന് അമീര്‍ ശൈഖ് നവാഫ് സത്യ പ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞു. മേഖലയിലും ലോക രാജ്യങ്ങള്‍ക്കിടയിലും സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് പൂര്‍വികരുടെ പാത പിന്തുടരുമെന്നും അമീര്‍ ഷേയ്ഖ് നവാഫ് കൂട്ടിച്ചേര്‍ത്തു.

അറിവും ദീർഘ വീക്ഷണവും മിതത്വവും കൈമുതലാക്കിയ സമുന്നതനായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗ വാർത്ത ഏറെ ദുഃഖവും വേദനയുമാണ് നൽകിയതെന്നും അമീർ പ്രസ്താവനയിൽ വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.