1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലാ തൊഴിലാളികളുടെ പ്രതിമാസ വേതനം കൃത്യസമയത്ത് വിതരണം ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടികളുമായി കുവൈത്ത് തൊഴില്‍ മന്ത്രാലയം രംഗത്ത്. സ്വകാര്യ മേഖലയിലെ ബിസിനസ്സ് ഉടമകളും കമ്പനികളും തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വൈകിയാല്‍ തൊഴിലുമയുടെ മന്ത്രാലയത്തിന്റെ ഫയല്‍ റദ്ദാക്കപ്പെടുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ തൊഴില്‍ സേനാ സംരക്ഷണ വിഭാഗം ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് അല്‍ മുറാദ് മുന്നറിയിപ്പ് നല്‍കി.

എന്നു മാത്രമല്ല, പ്രതിമാസ ശമ്പള വിതരണത്തില്‍ കാലതാമസമുണ്ടായാല്‍ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ അനുവാദം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടപടി ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യമേഖലയിലെ ജോലി സംബന്ധിച്ച് നിയമം 6/2010ലെ ആര്‍ട്ടിക്കിള്‍ 57ല്‍ വ്യക്തമാക്കിയിട്ടുള്ള വേതന വിതരണ വ്യവസ്ഥകള്‍ ബിസിനസ് ഉടമകള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാര്‍ക്ക് വേതനം കൈമാറിയതായി തെളിയിക്കുന്ന രേഖകള്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറില്‍ തൊഴിലുടമകള്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ഇതുമായി ബന്ധപ്പെട്ട പരിശോധനാ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ഉടമകളിലും തൊഴിലാളികളിലും അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതില്‍ അതോറിറ്റി ശ്രദ്ധ കേന്ദ്രീകരിക്കും.

എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള തൊഴില്‍ നിയമങ്ങളും കരാര്‍ ഉടമ്പടികളും ഉയര്‍ത്തിപ്പിടിക്കുന്നതിന് അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ രാജ്യത്തെ തൊഴില്‍ വിപണിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമിടയില്‍ നീതി കൈവരിക്കുന്നതിനും നിയമ അവബോധം പ്രോത്സാഹിപ്പിക്കുന്നതിലും തര്‍ക്കപരിഹാരം സുഗമമാക്കുന്നതിലും വലിയ പങ്കാണ് മാന്‍പവര്‍ അതോറിറ്റി വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈത്തില്‍ അന്താരാഷ്ട്ര തൊഴില്‍ ദിനം ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കണമെന്ന തൊഴിലാളി യൂണിയന്റെ ആവശ്യം സാമൂഹിക കാര്യ മന്ത്രാലയത്തിലെ വര്‍ക്കേഴ്‌സ് യൂണിയന്‍ മേധാവിയും ജനറല്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ ഫിനാന്‍ഷ്യല്‍ സെക്രട്ടറിയുമായ യഹ്യ അല്‍ ദോസരി ആവര്‍ത്തിച്ചു. തൊഴിലാളികളുടെ അവകാശങ്ങളെ മാനിക്കുന്നതിനും അവര്‍ക്ക് മാന്യമായ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധത മനുഷ്യാവകാശകാര്യ അംബാസഡര്‍ ശെയ്ഖ ജവഹര്‍ അല്‍ സബാഹ് ഊന്നിപ്പറഞ്ഞു. രാജ്യത്തെ തൊഴില്‍ ശക്തിയുടെ 75 ശതമാനം വരുന്ന പ്രവാസി തൊഴിലാളികള്‍ കുവൈത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവന വളരെ വലുതാണെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.