
സ്വന്തം ലേഖകൻ: കുവൈത്തിൽ വിമാനത്താവളത്തിലെ പിസിആർ പരിശോധന സംവിധാനം ഏകീകരിക്കാൻ ഇലക്ട്രോണിക് സംവിധാനം നടപ്പാക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ പ്രത്യേക ആപ്ലിക്കേഷൻ വഴി ശേഖരിക്കാനാണ് പദ്ധതി.കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് അടുത്തയാഴ്ച മുതൽ ആപ്ലിക്കേഷൻ നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ യാത്ര സുഗമമാക്കാനാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. ‘മുന’ എന്നാണ് ആപ്ലിക്കേഷെൻറ പേര്.വിദേശ രാജ്യങ്ങളിൽനിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്ന യാത്രക്കാരുടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കാനാണ് ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുക. രജിസ്റ്റർ ചെയ്യുന്നവരുടെ ആരോഗ്യ സംബന്ധിയായ മുഴുവൻ വിവരങ്ങളും പിസിആർ പരിശോധന റിപ്പോർട്ടുകളും ഇതുവഴി ശേഖരിക്കാനാകും.
കുവൈത്തിലേക്ക് വരുന്നതിനുമുമ്പുള്ള പിസിആർ പരിശോധനയുടെ മുഴുവൻ വിശദാംശങ്ങളും മുന ആപ്ലിക്കേഷൻ വഴി ലഭ്യമാകും. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വിദേശ രാജ്യങ്ങളിലെ ലബോറട്ടറികളുമായി മുന ആപ്ലിക്കേഷൻ ബന്ധിപ്പിക്കുന്നതിനാൽ പരിശോധനഫലത്തിൽ കൃത്രിമം നടത്തുന്നത് തടയാനും സാധിക്കും. കഴിഞ്ഞ മാസങ്ങളിൽ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തിയ യാത്രക്കാരിൽ ചിലർക്ക് വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ പിസിആർ പരിശോധന നടത്താനുള്ള ഒരുക്കം പൂർത്തിയായതായി അധികൃതർ അറിയിച്ചു. സ്വകാര്യ ലബോറട്ടറികളുമായി സഹകരിച്ചാണ് ഒന്ന്, മൂന്ന്, നാല് ടെർമിനലുകളിൽ പരിശോധനാന സംവിധാനങ്ങൾ ഒരുക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല