1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2023

സ്വന്തം ലേഖകൻ: കുവൈത്തിലെ മരുന്ന് വിതരണം ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആരോഗ്യ പരിരക്ഷാ സംവിധാനം പുനരവലോകനം ചെയ്യണമെന്ന ആവശ്യവുമായി കുവൈത്ത് അസോസിയേഷന്‍ ഓഫ് ദി ബേസിക് ഇവാലുവേറ്റേഴ്‌സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. പ്രവാസികളുടെ മെഡിക്കല്‍ ഫീസുമായി ബന്ധപ്പെട്ട് അധികൃതര്‍ കൈക്കൊണ്ട തീരുമാനങ്ങളെ നിരവധി ഡോക്ടര്‍മാര്‍ വിമര്‍ശിച്ചതിന്റെ ചുവടുപിടിച്ചാണ് അസോസിയേഷന്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രവാസി തൊഴിലാളികളുടെ ശമ്പളമോ അവര്‍ വര്‍ഷം തോറും ആരോഗ്യ ഇന്‍ഷൂറന്‍സിന് നല്‍കുന്നവരാണെന്ന വസ്തുതയോ പരിഗണിക്കാതെയാണ് ഈ തീരുമാനങ്ങള്‍ എടുത്തതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. ആവശ്യമായ കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ എടുത്ത തീരുമാനം പുനപ്പരിശോധിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തത് കാരണം പല പ്രവാസികളും രോഗ ബാധിതരായാലും ക്ലിനിക്കുകളോ ആശുപത്രികളോ സന്ദര്‍ശിക്കുകയോ ആവശ്യമായ പരിശോധനകള്‍ക്ക് വിധേയരാകുകയോ ചെയ്യുന്നില്ലെന്ന് അസോസിയേഷന്‍ പറയുന്നു. ആരോഗ്യ സംരക്ഷണം അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഒന്നാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ആഗോള പണപ്പെരുപ്പത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെ ഉയര്‍ന്ന വിലയുടെയും ഫലമായി സാമ്പത്തിക പ്രയാസങ്ങളാല്‍ വലയുന്ന പ്രവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബ്ബല വിഭാഗങ്ങളുടെ മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയാണ് മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കുകയും മരുന്നുകള്‍ക്ക് പണം ഈടാക്കുകയും ചെയ്യുന്ന തീരുമാനമെന്നും സംഘടന അഭിപ്രായപ്പെട്ടു.

പ്രവാസികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിനായി ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രികള്‍ ഉടന്‍ തുറക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം എക്സ്‌റേ, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍ പോലുള്ള പ്രവാസികളുടെ ചികിത്സാ ചിലവുകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ കവറേജ് നല്‍കി ഔഖാഫ് സെക്രട്ടേറിയറ്റ് ജനറല്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തെ പിന്തുണയ്ക്കണം.

ഇസ്ലാമില്‍ ഔഖാഫ് മാനുഷിക സഹായം നല്‍കുന്ന ഒരു പരിഷ്‌കൃത സംവിധാനമാണെന്നും അസോസിയേഷന്‍ വിലയിരുത്തി. കുവൈത്ത് സര്‍ക്കാരും പൗരസമൂഹവും കുവൈത്തിന്റെ സംസ്‌കാരപരവും മാനുഷികവുമായ മുഖം ഉയര്‍ത്തിപ്പിടിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന കാലത്ത് ഇത്തരം തീരുമാനങ്ങള്‍ കുവൈത്തിന്റെ അന്താരാഷ്ട്ര റ്റിമനുഷ്യാവകാശ റെക്കോര്‍ഡിനെ പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷന്‍ വിലയിരുത്തി.

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നിനും ചികില്‍സയ്ക്കും ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്നും അത് ഉടന്‍ പിന്‍വലിക്കണമെന്നും കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. വിദേശികള്‍ താമസ രേഖ പുതുക്കുന്ന സമയത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് നല്‍കുന്നതിനാല്‍ അവരില്‍ നിന്ന് മരുന്നിന് ഫീസ് ഈടാക്കുന്നതും ചികില്‍സയ്ക്ക് അധിക ഫീസ് ചുമത്തുന്നതും ശരിയല്ലെന്നുമാണ് സമിതിയുടെ നിലപാട്.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധവും വിവേചനപരവുമായ ഈ തീരുമാനം ആഗോള തലത്തില്‍ കുവൈത്തിന്റെ പ്രതിഛായയ്ക്ക് ദോഷകരമായി ബാധിക്കുമെന്നും അത് പിന്‍വലിക്കണമെന്നും സമതിയുടെ ഉപദേഷ്ടാവ് ഹംദാന്‍ അല്‍ നിംഷാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രവാസികളില്‍ നിന്ന് മരുന്നിന് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ശനം ശക്തമാണ്.

രാജ്യത്തെ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും ഉള്‍പ്പെടെ സ്വദേശികളും പ്രവാസികളുമായ നിരവധി പേര്‍ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുായി രംഗത്തു വന്നിട്ടുണ്ട്. മരുന്നുകള്‍ പാഴാക്കുന്നത് തടയാനും ആരോഗ്യ സേവനങ്ങള്‍ ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വാദം. 2022 ഡിസംബര്‍ 18 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.