
സ്വന്തം ലേഖകൻ: കുവൈത്ത് മൊബൈൽ ഐഡി ആപ്പിലെ ഡ്രൈവിങ് ലൈസൻസും വാഹനരജിസ്ട്രേഷനും എല്ലാ സർക്കാർ, സർക്കാറിതര ഇടപാടുകളിലും സാധുവായ ഔദ്യോഗിക രേഖയായി സ്വീകരിക്കും. ഇതുസംബന്ധിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.
ഡ്രൈവിങ് ലൈസൻസും കുവൈത്ത് മൊബൈൽ ഐഡി ആപ് വഴി വാഹനം പ്രവർത്തിപ്പിക്കാനുള്ള പെർമിറ്റും രാജ്യത്തെ എല്ലാ അധികാരികളും അംഗീകരിക്കണമെന്ന് തീരുമാനം വ്യവസ്ഥചെയ്യുന്നു. എല്ലാ സർക്കാർ, സർക്കാറിതര ഇടപാടുകളിലും അവ സ്വീകരിക്കുകയും രേഖയായി കണക്കാക്കുകയും വേണം.
അതിനിടെ കുവൈത്തിന്റെ നാലുവര്‍ഷത്തെ സര്‍ക്കാര്‍ കര്‍മപദ്ധതിയില്‍ വാറ്റ് സംബന്ധിച്ച പരാമര്‍ശമില്ലെന്ന് റിപ്പോര്‍ട്ട്. 60 പേജുള്ള പദ്ധതിരേഖയില്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ഉള്‍പ്പെടുന്നതായും മാധ്യമങ്ങള്‍ വെളിപ്പെടുത്തി. കര്‍മപദ്ധതിയെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് വിശദാംശങ്ങള്‍ പുറത്തുവന്നത്.
2023-2027 വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളാണ് കര്‍മരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സാമ്പത്തിക, സാമൂഹിക, വിനോദ, മാനവ വിഭവശേഷി മേഖലകളിലുടനീളമുള്ള 107 പ്രധാന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ ശുപാര്‍ശയും വാറ്റ് നികുതി സംബന്ധിച്ച ജിസിസി മാര്‍ഗരേഖ പിന്തുടരാനുള്ള കരാറും ഉണ്ടായിട്ടും വാറ്റ് അജണ്ടയിലില്ല. വാറ്റോ എക്സൈസ് നികുതിയോ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല