
സ്വന്തം ലേഖകൻ: ആഘോഷങ്ങളും ആരവവുമില്ലാതെ ഇത്തവണ കുവൈത്ത് സ്വാതന്ത്ര്യ-വിമോചന ദിനങ്ങള്‍ക്ക് നാലു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 കുവൈത്ത് സ്വാതന്ത്ര്യ ദിനവും ഫെബ്രുവരി 26 കുവൈത്ത് വിമോചന ദിനവും ആഘോഷങ്ങളില്ലാതെ ആചരിക്കുന്നു. ഫെബ്രുവരി 25 മുതല്‍ ഫെബ്രുവരി 28 വരെ പൊതു അവധി പ്രഖ്യാപിക്കുന്നതിനുള്ള സിവില്‍ സര്‍വീസ് കമ്മിഷന്‍ നിര്‍ദേശം കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് അംഗീകരിച്ചു.
നാലു ദിവസത്തെ പൊതു അവധി കഴിഞ്ഞ് മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും സിവില്‍ സര്‍വീസ് കമ്മിഷന്‍ അറിയിച്ചു. അതേസമയം കൊവിഡ് പ്രതിസന്ധി കണക്കിലെടുത്തു കടുത്ത നിയന്ത്രണങ്ങളൂടെയാണ് ഇത്തവണ സ്വാതന്ത്ര്യ വിമോചന ദിനങ്ങള്‍ കടന്നു പോകുന്നത്.
സ്വാതന്ത്ര്യ വിമോചന ദിനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ മറികടക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കടുത്ത നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. വ്യാപാരസ്ഥാപനങ്ങൾ രാവിലെ 8മുതൽ വൈകിട്ട് 5 വരെ എന്ന നിബന്ധന നിർബന്ധമായും പാലിച്ചിരിക്കണം. വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തടവും പിഴയും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയത്തിലെ മാധ്യമ വിഭാഗം ഡയറക്ടർ ബ്രിഗേഡിയ തൌഹീദ് അൽ കന്ദരി അറിയിച്ചു.
വഴിയോരങ്ങളിലും മറ്റും പടക്കങ്ങൾ വിൽക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ആഘോഷങ്ങളിൽ പടക്കങ്ങൾ പാടില്ലെന്നുണ്ട്. നിയമം ലംഘിക്കുന്ന കച്ചവടക്കാർക്കെതിരെ നടപടിസ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ആഭ്യന്തര മന്ത്രാലയത്തിൻറെ പിന്തുണയുണ്ടാകും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിൻറെ എമർജൻസി നമ്പറിൽ (112) അറിയിക്കണമെന്നും നിർദേശമുണ്ട്. ആഘോഷത്തിന്റെ പേരിൽ കൂട്ടംകൂടുന്നതും നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല