
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പുതിയ എന്‍ട്രി പെര്‍മിറ്റുകള്‍ അവതരിപ്പിച്ച് കുവൈത്ത്. സ്‌പോര്‍ട്‌സ്, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായാണ് പുതിയ പ്രവേശന വീസകള്‍ അനുവദിച്ചിരിക്കുന്നത്. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിതലയോഗമാണ് നമ്പര്‍ 957/2019 ലെ ആര്‍ട്ടിക്കിള്‍ 4ല്‍ ഒരു പുതിയ വ്യവസ്ഥ ചേര്‍ത്തു കൊണ്ട് പുതിയ തീരുമാനം പുറപ്പെടുവിച്ചത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് അഫയേഴ്സിന്റെ നിയന്ത്രണങ്ങള്‍ക്കനുസൃതമായി രാജ്യത്തെ സ്പോര്‍ട്സ് ക്ലബ്ബുകള്‍ അല്ലെങ്കില്‍ അംഗീകൃത സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ എന്നിവ സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് അഫയേഴ്സ് വീസ നല്‍കുന്നത്. മൂന്ന് മാസത്തേക്ക് രാജ്യത്ത് താല്‍ക്കാലികമായി താമസിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ വീസകള്‍. വ്യവസ്ഥകള്‍ക്കു വിധേയമായി പ്രവേശന തീയതി മുതല്‍ ഒരു വര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് ഈ വീസകള്‍ പുതുക്കാനും അനുമതിയുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇത് രാജ്യത്തെ കായിക, സാംസ്‌കാരിക, സാമൂഹിക മേഖലകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും രാജ്യത്തെ സാമ്പത്തിക വാണിജ്യ മുന്നേറ്റത്തെ ഉത്തേജിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. മാത്രമല്ല, വീസ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ഒരു പ്രത്യേക സംവിധാനം നടപ്പിലാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപിത നടപടിക്രമങ്ങള്‍ക്കനുസൃതമായി റസിഡന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്മെന്റുകളിലെ അവലോകന പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ഇലക്ട്രോണിക് സംവിധാനം അവതരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ഇതിന്റെ ഭാഗമായി നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല