
സ്വന്തം ലേഖകൻ: കുവൈത്ത് പാര്‍ലമന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി 50 പേരെയാണ് തെരഞ്ഞെടുത്തത്. 60 ശതമാനം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍. 29 വനിതകള്‍ അടക്കം 326 സ്ഥാനാര്‍ത്ഥികളാണു മല്‍സര രംഗത്ത് ഉണ്ടായിരുന്നത് .എന്നാല്‍ മല്‍സരിച്ച 29 വനിതകളില്‍ ആരും തന്നെ വിജയിച്ചില്ല.
ഏക സിറ്റിംഗ് വനിതാ എം. പി.യായ സഫാ അല്‍ ഹാഷിം പരാജയപ്പെട്ടതോടെ പാര്‍ലമെന്റില്‍ വനിതാ പ്രാതിനിധ്യം ഇല്ലാതെയായി. മറ്റ് സീറ്റുകളിൽ ഇസ്ലാമിസ്റ്റുകള്‍ക്കും ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുമാണ് മുന്‍ തൂക്കം. കുവൈത്ത് പാർലമെൻറ് സ്പീക്കർ ആയിരുന്ന മർസൂഖ് അൽ ഗാനിം രണ്ടാം മണ്ഡലത്തിൽനിന്ന് ഉജ്ജ്വല വിജയം നേടാനായി. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയതും അദ്ദേഹമാണ്. 5179 വോട്ടുകൾ അദ്ദേഹം നേടിയപ്പോൾ രണ്ടാം സ്ഥാനക്കാരന് 3456 വോേട്ടയുള്ളൂ. രണ്ടാം മണ്ഡലത്തിൽനിന്ന് പത്താമനായി പാർലമെൻറിലെത്തിയ അഹ്മദ് മുഹമ്മദ് അൽ ഹമദിന് 2195 വോട്ടാണ് ലഭിച്ചത്.
ആകെ വോട്ടുകൾ സ്ഥാനാർഥികൾക്കിടയിൽ വീതം വെക്കപ്പെട്ടപ്പോൾ 3000 വോട്ടുലഭിച്ചാൽ വിജയമുറപ്പിക്കാമെന്ന സ്ഥിതി വന്നു. 2006, 2008, 2009, 2012, 2013, 2016 പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച മർസൂഖ് അൽ ഗാനിം 2013ലും 2016ലും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. സർക്കാറിനും പാർലമെൻറിനും ഇടയിൽ ഫലപ്രദമായ ഏകോപനം സാധ്യമാക്കുന്നതിൽ അദ്ദേഹം വിജയമാണെന്നാണ് വിലയിരുത്തൽ. സർക്കാറിെൻറ വിശ്വസ്തനായ അദ്ദേഹം ഇത്തവണയും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചേക്കും. ബിസിനസ്, സ്പോർട്സ് രംഗത്ത് മുദ്ര പതിപ്പിച്ച മർസൂഖ് അൽ ഗാനിം അന്തർദേശീയ തലത്തിൽ വിവിധ വേദികളിൽ കുവൈത്തിനെ പ്രതിനിധാനം ചെയ്ത് പെങ്കടുത്തപ്പോഴൊക്കെ ഉറച്ച നിലപാടുകളിലൂടെ ശ്രദ്ധ നേടിയിരുന്നു.
കുവൈത്തില്‍ പുതിയ പാര്‍ലമെന്റ് അധികാരത്തിലെത്തുമ്പോള്‍ വിദേശികളെ കാത്തിരിക്കുന്നത് വിദേശികള്‍ക്കു എതിരായ ഏറെ നിര്‍ണായകമായ കരട് ബില്ലുകളാണ്. സ്വദേശിവത്കരണം, വിദേശികള്‍ക്ക് ക്വാട്ട നിശ്ചയിക്കല്‍.വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി, വിദേശികളുടെ സേവനങ്ങള്‍ക്ക്? ഫീസ് ഏര്‍പ്പെടുത്തലും വര്‍ധിപ്പിക്കലും തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍ എം.പിമാരില്‍നിന്ന് ഉയര്‍ന്നിരുന്നു.
അതോടൊപ്പം പാര്‍ലമെന്റിലെ സ്വദേശിവത്കരണ സമിതി അധ്യക്ഷന്‍ ഖലീല്‍ ഇബ്രാഹിം അല്‍ സാലിഹ്, ശുഐബ് അല്‍ മുവൈസിരി, യൂസുഫ് അല്‍ ഫദ്ദാല ഉള്‍പ്പെടെ വിദേശികള്‍ക്കു എതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് വാദിക്കുന്ന നിരവധി സിറ്റിങ് എം.പിമാരും പുതിയ പാര്‍ലമെന്റിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അതേസമയം വിദേശികൾക്കെതിരായി ഏറ്റവും കൂടുതൽ പ്രസ്താവന നടത്തിയിട്ടുള്ള സഫ അൽ ഹാഷിം എം.പിയുടെ പരാജയം രാജ്യത്തെ വിദേശികളിൽ ആഹ്ലാദം ഉണ്ടാക്കിയിട്ടുണ്ട്. വിദേശികൾ ശ്വസിക്കുന്ന വായുവിനുവരെ നികുതി ഇൗടാക്കണമെന്ന് ഒരിക്കൽ ഇവർ പറഞ്ഞത് വിവാദമായിരുന്നു.
പതിനാറാമത് പാര്‍ലമെന്റ് ആദ്യ സെഷന് ഡിസംബര്‍ 15 ന് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉദ്ഘാടനം ചെയ്യും. പുതിയ പാര്‍ലമെന്റ് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് രാജി സ്വീകരിക്കുകയും പുതിയ മന്ത്രിസഭ നിലവില്‍വരുന്നത് വരെ കെയര്‍ ടേക്കര്‍ ആയി തുടരാന്‍ ഷേയ്ഖ് സബാഹ് ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ അമീര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് ഖാലിദ് അസ്സബാഹിനെ തന്നെ വീണ്ടും അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് നാമ നിര്‍ദേശം ചെയ്യുമെന്നും പുതിയ മന്ത്രിസഭയില്‍ നിലവിലെ മന്ത്രിമാരില്‍ വലിയൊരു വിഭാഗം വീണ്ടും നിയമിക്കപ്പെടുമെന്നുമാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല