സ്വന്തം ലേഖകൻ: പുതിയ ഗതാഗത നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര- പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ്. അശ്രദ്ധരായ ഡ്രൈവര്‍മാരില്‍ നിന്ന് റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതാണ് നിയമത്തിന്റെ പ്രാഥമിക ലക്ഷ്യം.
അമിതവേഗം, റെഡ് ലൈറ്റുകള്‍ മറികടക്കുക, അംഗപരിമിതര്‍ക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ വിവിധ കുറ്റങ്ങള്‍ക്ക് പുതിയ ട്രാഫിക് നിയമത്തിൽ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹവാലിയില്‍ ഷെയ്ഖ് ഫഹദ് അല്‍ യൂസിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ സുരക്ഷാ പ്രചാരണത്തിലാണ് പ്രഖ്യാപനം നടത്തിയത്. നിയമലംഘകരെ ലക്ഷ്യമിട്ട് നിലവിലുള്ള ഫീല്‍ഡ് ക്യാംപെയ്ൻ പ്രസ്തുത ശ്രമങ്ങളുടെ പ്രധാന ഭാഗമാണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ രണ്ട് ദിവസമായി, എല്ലാ ഗവര്‍ണറേറ്റുകളിലും ഫീല്‍ഡ് സെക്യൂരിറ്റി ഏജന്‍സികള്‍ നടത്തുന്ന സുരക്ഷാ പരിശോധനകള്‍ക്ക് ഷെയ്ഖ് ഫഹദ് മേല്‍നോട്ടം വഹിച്ചിരുന്നു.
പൊതു ഗതാഗത വകുപ്പ് പുതിയ 252 എ.ഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണിത്. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്ന ക്യാമറകള്‍ ട്രാഫിക് കണ്ട്രോള് റൂമുമായി കണക്ട് ചെയ്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണന്ന് ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍-ഖുദ്ദ പറഞ്ഞു.
ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയയുമായി ഏകോപിപ്പിച്ച്, നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചും ഗുരുതരമായ ലംഘനങ്ങള്‍ക്ക് വര്‍ധിച്ച പിഴയെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കുന്നതിനായി മാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല