
സ്വന്തം ലേഖകൻ: പ്രവാസി പ്രവേശന നടപടികളിലെ കൃത്രിമത്തം കുറക്കുന്നതിനായി കുവൈത്ത് വിസ ആപ് തയാറാക്കുന്നു. ഇത് ഉടൻ പുറത്തിറക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അറിയിച്ചു. രാജ്യത്തേക്കുള്ള തൊഴിലാളികളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് കുവൈത്ത് വിസ ആപ്പ് ലക്ഷ്യമിടുന്നതെന്ന് ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സർക്കാർ രൂപവത്കരിച്ച സമിതിയുടെ ആദ്യ യോഗത്തിൽ ശൈഖ് തലാൽ അൽഖാലിദ് വിശദീകരിച്ചതായി ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.
കൃത്രിമവും വഞ്ചനാപരവുമായ വിസകൾ നിയന്ത്രിക്കൽ, ക്രിമിനൽ രേഖകളോ പകർച്ചവ്യാധികളോ ഉള്ളവരുടെ പ്രവേശനം തടയൽ എന്നിവ ലക്ഷ്യങ്ങളാണ്. തൊഴിലാളിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഉൾപ്പെടുന്ന സ്മാർട്ട് എംപ്ലോയീസ് ഐഡിയും ശൈഖ് തലാൽ ഖാലിദ് പ്രഖ്യാപിച്ചതായി കമ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. സമൂഹത്തിലെ സുരക്ഷ, ജനസന്തുലിതാവസ്ഥ കൊണ്ടുവരുക, തൊഴിൽ വിപണിയെ നിയന്ത്രിക്കുക, കൃത്രിമത്തവും വഞ്ചനയും കുറക്കുക എന്നിവയെല്ലാം ഇതിന്റെ ലക്ഷ്യങ്ങളാണ്.
അതിനിടെ കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ യോഗ്യരായ സ്വദേശി ജീവനക്കാരെ ലഭിക്കാത്തതിനെ തുടർന്ന് 625 ജോലി തസ്തികകളിൽ വിദേശികളെ നിയമിക്കുവാൻ അനുമതി നൽകി. ഡോക്ടർ, നഴ്സിങ് സ്റ്റാഫ്, ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ ജോലികളിലെ വിദേശി നിയമനത്തിനാണ് താൽക്കാലികമായി അംഗീകാരം നൽകിയതെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
പുതിയ അധ്യയന വർഷത്തിൽ കുവൈത്തികളല്ലാത്തവരെയും വിദ്യാഭ്യാസ ജോലികൾക്ക് നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. അധ്യാപക ജോലിയിൽ പൂർണ്ണ സ്വദേശിവത്കരണം നടപ്പാക്കാൻ നേരത്തെ നീക്കം നടന്നിരുന്നു. എന്നാൽ യോഗ്യരായ സ്വദേശി അപേക്ഷകരുടെ ക്ഷാമമാണ് വിദേശികളെ നിയമിക്കുവാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല