
സ്വന്തം ലേഖകൻ: കുവൈത്തിൽ നിലവിലുണ്ടായിരുന്ന ഭാഗിക കർഫ്യൂ പിൻവലിച്ചു. വ്യാഴാഴ്ച പുലർച്ച ഒന്നുമുതൽ കർഫ്യൂ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. രാത്രി ഏഴു മുതൽ പുലർച്ച അഞ്ചു വരെയായിരുന്നു കർഫ്യൂ.
അതേസമയം, കർഫ്യൂ അവസാനിപ്പിച്ചെങ്കിലും വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകും. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെയാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടത്. റസ്റ്റാറൻറുകൾ, കഫേകൾ, അറ്റകുറ്റപ്പണി സേവനങ്ങൾ, ഫാർമസികൾ, ഫുഡ് മാർക്കറ്റിങ് ഒൗട്ട്ലെറ്റുകൾ, പാരലൽ മാർക്കറ്റ്, മെഡിക്കൽ ആൻഡ് സപ്ലൈസ് എന്നിവക്ക് വിലക്ക് ബാധകമല്ല. റസ്റ്റാറൻറുകളും കഫേകളും ടേക് എവേ/ഡെലിവറി സേവനങ്ങൾ തുടരണം. സ്ഥാപനത്തിൽ ഇരുന്ന് കഴിക്കുന്ന രീതി മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ പാടില്ല.
മാർച്ച് എട്ടു മുതൽക്കാണ് കുവൈത്തിൽ ഭാഗിക കർഫ്യൂ ആരംഭിച്ചത്. പെരുന്നാൾ കച്ചവടം നഷ്ടപ്പെട്ടതിെൻറയും വ്യാപാര നിയന്ത്രണങ്ങൾ ഭാഗികമായി തുടരുന്നതിെൻറയും നിരാശയുണ്ടെങ്കിലും നിയന്ത്രണങ്ങൾ നീക്കി പതിയെ സാധാരണ നിലയിലേക്ക് വരുന്നതിെൻറ ആശ്വാസമാണ് വ്യാപാരി സമൂഹം ഉൾപ്പെടെയുള്ളവർക്ക്. കർഫ്യൂ അവസാനിക്കുന്നത് വിപണിക്കും ആശ്വാസം പകരും.
കുവൈത്തിൽ സിനിമ തിയറ്ററുകൾ വ്യാഴാഴ്ച മുതൽ തുറക്കും. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാകും പ്രവേശനം. ആദ്യ ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവർക്കും തിയറ്ററിൽ പ്രവേശനമുണ്ടാകും. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കി സീറ്റുകളിൽ അകലം വിടും. ഒാരോ ഷോയ്ക്ക് ശേഷവും അണുനശീകരണം നടത്തും. പ്രവേശന കവാടത്തിലും തിരക്ക് ഇല്ലാത്ത രീതിയിലാകും ക്രമീകരണം.
2020 മാർച്ച് എട്ടിനാണ് തിയറ്ററുകൾ അടച്ചിടണമെന്ന മന്ത്രിസഭ ഉത്തരവുണ്ടായത്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്. നിരവധി പേരുടെ തൊഴിലിനും കൂടിയാണ് തിയറ്ററുകൾ അടച്ചിട്ടത് പ്രതിസന്ധി സൃഷ്ടിച്ചത്. സിനിമ മേഖല വൻ നഷ്ടത്തിലും പ്രതിസന്ധിയിലുമാണ്. തിയറ്ററുകൾ തുറക്കാൻ പോകുന്നതായ വാർത്ത ചലച്ചിത്ര പ്രേമികൾക്ക് സന്തോഷം പകരുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല