
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ കോവിഡ് വാക്സിന് എടുക്കാത്തവരെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റീന് വിധേയരാക്കും. ആദ്യ ഒരാഴ്ച ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറിന്റീന് പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള ഒരാഴ്ച ഹോം ക്വാറന്റീന് പൂര്‍ത്തിയാക്കുകയും പിസിആര്‍ പരിശോധനയും നടത്തണം. എന്നാല്‍ പത്തു വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഇളവ് ലഭിക്കും.
നയതന്ത്ര പ്രതിനിധികള്‍, കുവൈത്ത് സ്കോളര്‍ഷിപ് രോഗികളും കൂടെയുള്ളവരും, സ്വദേശി വിദ്യാര്‍ത്ഥികള്‍ തുടങ്ങി പത്തു വിഭാഗങ്ങള്‍ക്ക് മാത്രം ഇളവ് അനുവദിക്കുമെന്നും ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇളവ് ലഭിക്കുന്നവര്‍ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈനു പകരം ഹോം ക്വാറന്റീന് പൂര്‍ത്തിയാക്കി പിസിആര്‍ പരിശോധന നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു.
കുവൈത്തിൽ റസ്റ്റാറൻറുകളിലും കഫെകളിലും ഇരുന്ന് കഴിക്കാനുള്ള അനുമതി ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. പുലർച്ച അഞ്ചുമുതൽ രാത്രി എട്ടുവരെയാണ് ഇരുന്ന് കഴിക്കാൻ അനുമതിയുള്ളത്. രാത്രി എട്ടിന് ശേഷം ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. തിരക്ക് കുറക്കാൻ ഉപഭോക്താക്കൾ മുൻകൂർ അപ്പോയ്ൻറ്മെൻറ് വഴി ടേബിളുകൾ ബുക്ക് ചെയ്യണം.
പേപ്പര്‍ കറന്‍സികളുടെ ഉപയോഗം പരമാവധി കുറച്ച് ഇലക്ട്രോണിക് പേയ്മെൻറ് രീതികള്‍ ഉപയോഗിക്കുക, ജോലിക്ക് പോകുന്നതിന് മുമ്പും ജോലി സ്ഥലത്തും തൊഴിലാളികള്‍ സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം, ഓരോ ഉപഭോക്താവിനേയും താപനില പരിശോധിച്ച ശേഷം മാത്രമേ അകത്ത് പ്രവേശിപ്പിക്കാവൂ, ഇരിപ്പിടങ്ങൾ തമ്മിൽ ചുരുങ്ങിയത് രണ്ട് മീറ്ററെങ്കിലും അകലം ഉണ്ടാകണം, മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കരുത്, സ്ഥാപനത്തിലെ സാമഗ്രികൾ ഇടക്കിടെ അണുമുക്തമാക്കണം തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായാണ് ഇളവുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല