
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവര്‍ വിദേശത്തു വാക്സിന്‍ എടുത്താലും പി സി ആര്‍ പരിശോധന നിര്‍ബന്ധം. നിയമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ വിദേശ രാജ്യങ്ങളിലും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതനുസരിച്ചു കുവൈത്തിലും നിയമത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ജൂണ്‍ മാസത്തോടെ സാധാരണ നിലയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതോടെ നിബന്ധനകളില്‍ ഇളവ് വരുത്തുമെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രത്യേക ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി.
കുവൈത്തില്‍ ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയും രണ്ടാംഘട്ട വാക്‌സിന്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കുവൈത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കായി പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തീരുമാനിച്ചത്. കുവൈത്തില്‍ വാക്സിനേഷന്‍ നടത്തിയതിന്റെ തെളിവായി എല്ലാ വിമാനത്താവളങ്ങളിലും ഈ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മിഷ്‌റീഫ് പ്രദര്‍ശന നഗരിയിലെ ആരോഗ്യകേന്ദ്രത്തില്‍ രണ്ടാമത് ഡോസ് കുത്തിവെപ്പിന്റെ ഉദ്ഘാടന വേളയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം രണ്ടാമത് ഡോസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ചില സുപ്രധാന ഇളവുകളും പ്രഖ്യാപിച്ചു.
കൊവിഡ് വാക്‌സിൻ രണ്ടാമത് ഡോസ് കുത്തിവെപ്പ് കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉപ പ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ മന്ത്രിയുമായ അനസ് അൽ സലേഹ്, ആരോഗ്യമന്ത്രി ഷേയ്ഖ് ഡോ.ബാസിൽ അൽ സബാഹ് സർക്കാർ വക്താവ് താരിഖ് അൽ മസ്റം, ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് തുടങ്ങിയവർ രണ്ടാമത് ഡോസ് സ്വീകരിച്ചു.
ആദ്യ ഡോസെടുത്ത് 21 ദിവസത്തിനുശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടതെന്നും,രണ്ടാമത്തേത് ബൂസ്റ്റർ ഡോസാണെന്നും, രണ്ടാമത്തെ ഡോസ് എടുത്ത് ഒരാഴ്ചക്ക് ശേഷമാണ്ഫലം പൂർണ തോതിൽ ലഭിക്കുക എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി ആദ്യ ഡോസ് എടുത്ത ശേഷം, രണ്ടാമത് ഡോസ് എടുക്കുന്നതിന് മുമ്പ് വിദേശയാത്ര നടത്തരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല