1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2023

സ്വന്തം ലേഖകൻ: തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച് കുവൈറ്റും ഫിലിപ്പീന്‍സും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നു. ഫിലിപ്പീന്‍സ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ തൊഴില്‍ കരാര്‍ ലംഘനം അംഗീകരിച്ച് അവര്‍ മാപ്പുപറയണമെന്ന കുവൈത്തിന്റെ ആവശ്യം ഫിലിപ്പിനോ സര്‍ക്കാര്‍ തള്ളിയതാണ് ഇതുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസം. പ്രതിസന്ധി അവസാനിക്കണമെങ്കില്‍ ഫിലിപ്പീന്‍സ് മാപ്പ് പറയണമെന്ന് കുവൈത്ത് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

തൊഴിലുടമളുടെ പക്കല്‍ നിന്ന് നിയമവിരുദ്ധമായി ഓടിപ്പോരുന്ന ജീവനക്കാര്‍ക്ക് ഫിലിപ്പീന്‍സ് എംബസി അഭയം നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരു ഭരണകൂടങ്ങളും തമ്മില്‍ നേരത്തേയുണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നും അവ നിയമ ലംഘനമാണെന്ന് അംഗീകരിക്കുകയും അവയ്ക്ക് മാപ്പ് പറയുകയും ചെയ്യണമെന്നായിരുന്നു കുവൈത്തിന്റെ ആവശ്യം. ഈ ആവശ്യമാണ് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ തള്ളിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ കുവൈത്തില്‍ വച്ച് ഒരു ഫിലിപ്പീന്‍സ് ഗാര്‍ഹിക തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയാണ് ഇരു സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കമായി മാറിയിരിക്കുന്നത്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഫിലിപ്പീന്‍സ് പൗരന്മാര്‍ക്കുള്ള എല്ലാ തരം പുതിയ വീസകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കുവൈത്തില്‍ വീട്ടുജോലിക്കാരിയായിരുന്ന ജുലേബി റണാറയുടെ മൃതദേഹമാണ് കഴിഞ്ഞ ജനുവരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കുവൈത്ത് മരുഭൂമിയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ഫിലിപ്പീന്‍സ് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തിവെച്ചിരുന്നു.

തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാകുന്നതു വരെ ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കേണ്ടതില്ലെന്നായിരുന്നു ഫിലിപ്പീന്‍സിന്റെ നിലപാട്. തുടര്‍ന്ന് പ്രതിസന്ധി തീര്‍ക്കാന്‍ ഇരു വിഭാഗവും നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്തത്. ഇതേത്തുടര്‍ന്നാണ് ഫിലിപ്പീന്‍സ് പൗരന്‍മാര്‍ക്ക് ഗാര്‍ഹിക വീസ മാത്രമല്ല, മറ്റു വീസകളും നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.