1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2021

സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വിദേശികളെ നിയമിക്കുന്നതിന് വീസ അനുവദിക്കാൻ കൊറോണ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള മന്ത്രിതല സമിതി തീരുമാനിച്ചു. ഡോക്ടർ, നഴ്സ്, ടെക്നീഷ്യൻ, അഡ്മിനിസ്ട്രേറ്റീവ് തസ്തികളിലെ നിയമനത്തിനാകും വീസ നൽകുക. സ്വകാര്യ ആശുപത്രി കമ്പനികളുടെ ഫെഡറേഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് മന്ത്രിതല സമിതിയുടെ തീരുമാനം. അത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഇസാം അൽ നഹാം ഉത്തരവ് പുറപ്പെടുവിച്ചു.

സമാന രീതിയിൽ വീസ അനുവദിക്കാനുള്ള അനുമതിക്കായി കോ-ഓപ്പറേറ്റീസ് സൊസൈറ്റികളുടെ ഫെഡറേഷനും മന്ത്രിതല സമിതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയ കാലം തൊട്ട് കുവൈത്തിൽ സ്വകാര്യമേഖലയിൽ തൊഴിൽ വീസ അനുവദിക്കുന്നില്ല. ജീവനക്കാരുടെ ഒഴിഞ്ഞ് പോക്കും പുതുതായി ആശുപത്രികൾ തുടങ്ങിയതും തൊഴിൽ ശേഷിയിൽ ഉളവാക്കിയ കുറവ് പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടന സർക്കാരിനെ സമീപിച്ചത്.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പേരിൽ കുവൈത്ത് തുടരുന്ന നിലപാട് മാറ്റേണ്ട സമയമായിരിക്കുന്നുവെന്ന് ട്രാവൽ- ടൂറിസം ഓഫീസസ് ഫെഡറേഷൻ അഭിപ്രായപ്പെട്ടു. പരിചിതമല്ലാത്ത വൈറസ് വ്യാപനം തുടങ്ങിയ കാലത്തെ നിലപാട് വർഷം ഒന്ന് കഴിഞ്ഞിട്ടും തുടരുന്നത് യുക്തിസഹമല്ല. യാത്രാ നിയന്ത്രണങ്ങൾ കുവൈത്തിനെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ട്രാവൽ- ടൂറിസം രംഗം അടച്ചുപൂട്ടിയത് കുവൈത്തിന്റെ സമ്പദ്ഘടനയ്ക്കുണ്ടാക്കുന്ന നഷ്ടത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. പ്രശ്നപരിഹാരത്തിന് പുതുവഴികൾ എന്തെങ്കിലും കണ്ടെത്തുന്നതിന് പകരം അതേ നിലപാട് തന്നെ തുടരുന്നത് അഭികാമ്യമല്ലെന്നും ഫെഡറേഷൻ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.