1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രോജക്റ്റ് വീസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് പ്രോജക്ട് വീസയില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യ മേഖലയിലേക്ക് വീസ ട്രാന്‍സ്ഫര്‍ അനുവദിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രൊജക്ട് വീസ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.

ഇതോടെ രാജ്യത്തെ സര്‍ക്കാര്‍ -പൊതുമേഖല കമ്പനികളിലെ വിവിധ താല്‍ക്കാലിക പദ്ധതികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വീസ മാറാന്‍ അവസരം ലഭിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമായാണ് ഇത് കണക്കാക്കപ്പെടുന്നത്. നിലവില്‍ നിരവധി ഇന്ത്യക്കാര്‍ രാജ്യത്തെ വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് കുവൈത്തില്‍ ജോലി ചെയ്യുന്നുണ്ട്.

എന്നാല്‍ പ്രൊജക്ട് വീസയില്‍ നിന്ന് കമ്പനി വീസയിലേക്ക് മാറുന്നതിന് ഏതാനും നിബന്ധനകള്‍ അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സര്‍ക്കാര്‍ കരാറോ, പദ്ധതിയോ അവസാനിപ്പിച്ചാല്‍ മാത്രമേ തോഴിലാളികള്‍ക്ക് പ്രൊജക്ട് വീസയില്‍ നിന്ന് ഇഖാമ മാറ്റം അനുവദിക്കുകയുള്ളൂ. അതോടൊപ്പം പദ്ധതി പൂര്‍ത്തീകരിച്ചതായി സ്ഥിരീകരിക്കുന്ന അറിയിപ്പ് ബന്ധപ്പെട്ട സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് ലഭിക്കുകയും വേണമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതോടൊപ്പം നിലവില്‍ ജോലി ചെയ്യുന്ന തൊഴില്‍ സ്ഥാപനത്തില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്കാണ് വീസ മാറ്റം അനുവദിക്കുക. ഇഖാമ മാറ്റത്തിനായി നിലവിലെ തൊഴിലുടമയുടെ അംഗീകാരം ആവശ്യമാണെന്നതാണ് മറ്റൊരു നിബന്ധന. ഈ വര്‍ഷം നവംബര്‍ മൂന്നു മുതല്‍ ആയിരിക്കും പുതിയ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരികയെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ട്രാന്‍സ്ഫര്‍ പ്രക്രിയയ്ക്ക് 350 ദിനാര്‍ അധികമായി ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ തൊഴില്‍ മേഖലയിലെ ക്ഷാമം പരിഹരിക്കുകയും അതിന്റെ ചലനാത്മകത നിലനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വീസ ട്രാന്‍സ്ഫര്‍ അനുമതിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ ഗാര്‍ഹിക വീസയിലുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യ മേഖലയിലേക്ക് വീസ മാറ്റാന്‍ താല്‍ക്കാലികമായി അനുമതി അധികൃതര്‍ നല്‍കിയിരുന്നു. ഇത് ഉപയോഗപ്പെടുത്തി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് പ്രവാസികളാണ് മികച്ച ശമ്പളവും ആനുകൂല്യങ്ങളും തൊഴില്‍ സൗകര്യങ്ങളും ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വീസ ട്രാന്‍സ്ഫര്‍ ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.