
സ്വന്തം ലേഖകൻ: കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം 120 വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നു. നവംബർ പകുതിയോടെ ഇവരെ ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ നടത്തും. പിരിച്ചുവിടേണ്ടവരുടെ പട്ടിക അധികൃതർ തയാറാക്കിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ മുഴുവൻ വിദേശികളെയും ഒഴിവാക്കാനുള്ള പദ്ധതിയുമായാണ് മുന്നോട്ടപോവുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസ് പറഞ്ഞു. ഒഴിവ് വരുന്ന തസ്തികകളിൽ കുവൈത്തികളെ നിയമിക്കും. അതിനിടെ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കാലാവസ്ഥ വകുപ്പും പൊതുമരാമത്ത് മന്ത്രാലയവും ചർച്ച നടത്തി അടിയന്തര പദ്ധതി തയാറാക്കിയതായാണ് റിപ്പോർട്ട്.
കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള 34 രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല. തിങ്കളാഴ്ച പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം വിദേശയാത്ര കഴിഞ്ഞെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങളിലും വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിലും മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചു. കാബിനറ്റ് യോഗം കൊവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തി. അഞ്ചാംഘട്ട അൺലോക്കിങ് നടപടികളിലേക്ക് തൽക്കാലം നീങ്ങേണ്ടതില്ലെന്നാണ് യോഗതീരുമാനം. വിലക്കുള്ള രാജ്യങ്ങളിൽനിന്ന് നിബന്ധനകളോടെ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും സമർപ്പിച്ച കർമപദ്ധതി സമർപ്പിച്ചിരുന്നു.
പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, മന്ത്രിസഭ യോഗം തീരുമാനമെടുത്തില്ല. ജനങ്ങൾ ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ട ഘട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങൾ വിലയിരുത്തി. സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്തുമെന്നും എല്ലാവർക്കും തുല്യ അവസരവും പരിഗണനയും ഉറപ്പുവരുത്തുമെന്നും ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് വ്യക്തമാക്കി. ഫ്രാൻസിലെ തീവ്രവാദി ആക്രമണത്തെയും സൌദിക്കെതിരെയുണ്ടായ ഹൂതി വ്യോമാക്രമണത്തെയും യോഗം അപലപിച്ചു. തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല