
സ്വന്തം ലേഖകൻ: കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള പിസിആർ പരിശോധനയ്ക്ക് പരമാവധി 20 ദിനാർ മാത്രമേ ഈടാക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം രാജ്യത്തെ അക്രഡിറ്റഡ് ലബോറട്ടറികൾക്ക് നിർദേശം നൽകി. മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള പിസിആർ പരിശോധനാ ഫീസ് അവലോകനം ചെയ്ത ആരോഗ്യ ലൈസൻസിങ് കമ്മിറ്റിയുടെ ശുപാർശയിൽ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹിന്റെ നിർദേശാനുസരണമാണ് തീരുമാനമെന്ന് മന്ത്രാലയത്തിലെ ദേശീയ വൈദ്യ സേവന വിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.ഫാതിമ അൽ നജ്ജാർ അറിയിച്ചു.
അതേസമയം, മൊബൈൽ വാക്സിനേഷൻ വിഭാഗം രാജ്യത്തെ 21 വാണിജ്യ സമുച്ചയങ്ങളിലെ 36,000 പേർക്ക് വാക്സീൻ നൽകിയതായി മന്ത്രാലയം വെളിപ്പെടുത്തി. മൊബൈൽ യൂണിറ്റ് പ്രവർത്തനം തുടങ്ങിയതിന്റെ അഞ്ചാം ദിവസം ബൂലിവാദ്, അൽ മുഹല്ലബ്, സിംഫണി, ലൈല ഗാലറീ, അൽ ഫനാർ, അൽ ജഹ്‌റ ഔതാദ്, അൽ ജഹ്‌റ ഫിഷ് മാർക്കറ്റ് ആൻഡ് മാൾ എന്നിവിടങ്ങളിൽ 8000 ജീവനക്കാർക്കാണ് വാക്സീൻ നൽകിയതെന്ന് മൊബൈൽ വാക്സീൻ ക്യാംപെയിൻ മേധാവി ഡോ.ദിന ദബീബ് പറഞ്ഞു. വിമാനത്താവളം, അവശ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾ എന്നിവ ലക്ഷ്യമിട്ട് പുതിയ മൊബൈൽ വാക്സിനേഷൻ യൂണിറ്റ് അടുത്ത ദിവസം രംഗത്തിറങ്ങുമെന്നും അവർ അറിയിച്ചു.
റസ്റ്റാറൻറുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി. ആരോഗ്യ മാർഗനിർദേശങ്ങളും സാമൂഹിക അകലവും പാലിക്കണമെന്ന നിബന്ധനയോടെയാണ് നിയന്ത്രണത്തിൽ ഇളവുനൽകിയത്. ചൊവ്വാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗമാണ് കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി റസ്റ്റാറൻറുകൾക്കും കഫേകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത്. കോവിഡ് എമർജൻസി കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇതനുസരിച്ച് നിലവിൽ ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങൾ മാത്രം അനുവദിച്ചിരുന്ന ഹോട്ടലുകൾക്കും കഫേകൾക്കും ഡൈൻ ഇൻ സേവനങ്ങൾകൂടി ഒരുക്കാം. എന്നാൽ, ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കണം എന്ന് പ്രത്യേക നിർദേശമുണ്ട്. ഇരിപ്പിടങ്ങൾക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കണം, മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കരുത്.
സ്ഥാപനത്തിെൻറ വലുപ്പത്തിന് ആനുപാതികമായി ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തണം, ഡിസ്പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കണം എന്നിവയാണ് പ്രധാന നിബന്ധനകൾ. മേയ് 23 മുതൽ പ്രാബല്യത്തിലാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല