1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്പായ സഹല്‍ ആപ്പിന് ചുരുങ്ങിയ കാലം കൊണ്ട് ലഭിച്ചത് 6.55 ലക്ഷം വരിക്കാരെ. ആപ്പ് ലോഞ്ച് ചെയ്തത് 10 മാസങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ മൊബൈല്‍ ആപ്പ് ഈ മികച്ച നേട്ടം കൈവരിച്ചത്. വൈവിധ്യമാര്‍ന്ന സര്‍ക്കാര്‍ ഇ- സേവനങ്ങള്‍ ലഭ്യമാക്കുന്ന ആപ്പില്‍ ഇതിനകം 246 ഇ-ഗവണ്‍മെന്റ് സേവനങ്ങള്‍ ലഭ്യമാണെന്ന് യൂനിഫൈഡ് ഗവണ്‍മെന്റ് ഇലക്ട്രോണിക് സര്‍വീസസ് ആപ്പായ സഹലിന്റെ വക്താവ് യൂസുഫ് കാസിം അറിയിച്ചു.

2022 ജൂലൈ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ 10 മാസത്തിനടിയില്‍ 23 ലക്ഷം ഇടപാടുകളാണ് ആപ്പ് വഴി പൂര്‍ത്തീകരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തില്‍ മാത്രം 60,000ത്തോളം വരിക്കാരാണ് ആപ്പില്‍ പുതുതായി എത്തിയത്. ജൂലൈയില്‍ മാത്രം സവിശേഷമായ 26 പുതിയ ഇ സേവനങ്ങള്‍ കൂടി ആപ്പില്‍ ലഭ്യമാക്കിയിരുന്നു. അതാണ് ആപ്പിനെ കൂടുതല്‍ ജനപ്രിയമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജൂലൈ മാസത്തില്‍ കൂടുതല്‍ പേരും ആപ്പില്‍ പ്രവേശിച്ചത് സിവില്‍ ഐഡി പുതുക്കുന്നതിനു വേണ്ടിയായിരുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കീഴില്‍ വരുന്ന സേവനമാണിത്. ഇതുകഴിഞ്ഞാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ആപ്പില്‍ തേടിയത് സിവില്‍ സര്‍വീസ് കമ്മീഷന്റെ നേതൃത്വത്തിലുള്ള സര്‍ട്ടിഫിക്കറ്റ് അന്വേഷണങ്ങള്‍ എന്ന സേവനത്തിനു വേണ്ടിയതാണ്. സഅദ് അല്‍ അബ്ദുല്ല അക്കാദമി ഫോര്‍ സെക്യൂരിറ്റി സയന്‍സസിലെ രജിസ്‌ട്രേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യല്‍, ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍, പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ക്കായാണ് കൂടുതല്‍ പേരും ആപ്പ് ഉപയോഗിച്ചത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹല്‍ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓഫീസുകള്‍ കയറി ഇറങ്ങുന്നതിന് പകരം എവിടെയിരുന്നു മൊബൈല്‍ വഴി വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സാധിക്കും. ദി ന്യൂ കുവൈത്ത് പദ്ധതിയുടെ ഭാഗമായാണ് കുവൈത്തിലെ സര്‍ക്കാര്‍ സേവനങ്ങളുടെ ഡിജിറ്റലൈസേഷന്‍ രംഗത്ത് വിപ്ലവാത്മക മാറ്റങ്ങള്‍ കൊണ്ടുവന്ന സഹല്‍ ആപ്പ് രൂപകല്‍പ്പന ചെയ്യപ്പെട്ടത്. കമ്മ്യൂണിക്കേഷന്‍ അഫയേസ് മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.