1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2021

സ്വന്തം ലേഖകൻ: ജീവനക്കാരുടെ ഹാജര്‍ ഉറപ്പുവരുത്താന്‍ പുതിയ സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈത്തിലെ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്റ് റിന്യൂവബ്ള്‍ എനര്‍ജി മന്ത്രാലയം. പരീക്ഷണാര്‍ഥം മന്ത്രാലയത്തിലെ 150 ജീവനക്കാരിലാണ് ഹാജര്‍ യന്ത്രത്തില്‍ മുഖം കാണിച്ച് ഓഫീസില്‍ കയറുന്ന രീതി നടപ്പിലാക്കുകയെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടാല്‍ മന്ത്രാലയത്തിലെ 25,000ത്തിലേറെ ജീവനക്കാര്‍ക്കിടയില്‍ പദ്ധതി നടപ്പിലാക്കും.

ജോലിക്കെത്തുന്ന ജീവനക്കാര്‍ ഓഫീസില്‍ കയറുന്നതിന് മുമ്പ് പുറത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക സ്റ്റാന്റിലെ ഫെയ്‌സ് പ്രിന്റെ ഉപകരണത്തില്‍ മുഖം കാണിക്കണം. ഉപകരണം മുഖം രജിസ്റ്റര്‍ ചെയ്താല്‍ പച്ച നിറത്തിലുള്ള ലൈറ്റ് തെളിയും. അതിനു ശേഷം ഓഫീസില്‍ കയറാം. ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും ഉപകരണത്തില്‍ മുഖം കാണിക്കണം. ജീവനക്കാരന്റെ മുഖം സ്‌കാന്‍ ചെയ്ത് ആളെ തിരിച്ചറിയുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസുകളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണ് നടപടി. നേരത്തേ വിരലടയാളത്തിലൂടെ ആളുകളെ തിരിച്ചറിയുന്ന ഫിംഗര്‍പ്രിന്റ് അറ്റന്റന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അതില്‍ പല തട്ടിപ്പുകളും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സാങ്കേതികവിദ്യ അധികൃതര്‍ പരീക്ഷിക്കുന്നത്.

മുഖത്തിലൂടെ ആളെ തിരിച്ചറിയുന്ന സംവിധാനത്തില്‍ തട്ടിപ്പുകള്‍ നടത്താനുള്ള സാധ്യതയില്ലെന്നാണ് അധികൃതര്‍ കരുതുന്നത്. പരീക്ഷണം വിജയിച്ചാല്‍ മറ്റ് മന്ത്രാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന. അതേസമയം, സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കി കുവൈത്ത് രംഗത്ത്. ആർമി ഓഫീസർ, നോൺ കമീഷൻഡ് ഓഫീസർ തസ്തികകളിൽ ആണ് കുവൈത്ത് സ്ത്രീകള്‍ക്ക് നിയമനം നല്‍ക്കുന്നത്. കുവെെറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഇനി മു‍തല്‍ കുവൈത്ത് സെെന്യത്തില്‍ സ്വദേശി വനിതകൾക്ക് സ്പെഷാലിറ്റി ഓഫീസർ, നോൺ-കമീഷൻഡ് ഓഫീസർ, മെഡിക്കൽ സർവിസസ്, മിലിട്ടറി സപ്പോർട്ട് സർവിസസ് എന്നീ മേഖലകളില്‍ ജോലി ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ സേവിക്കാനായി സൈന്യത്തില്‍ ചേരാന്‍ വേണ്ടി വലിയ ആകാംക്ഷയോടെയാണ് കുവൈത്തിലെ വനിതകള്‍ കാത്തിരിക്കുന്നത്. ഇതിന് വേണ്ടി ബുദ്ധിമുട്ടുകള്‍ സഹിക്കാനും പ്രവര്‍ത്തിക്കാനും അവര്‍ തയ്യാറാണ്. സ്ത്രീകളുടെ കഴിവില്‍ വിശ്വാസമുണ്ടെന്നും പുതിയ ദൗത്യത്തിൽ അവർ പൂർണമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.