
സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ അർഹരായ രോഗികളുടെ ചികിത്സ ചെലവ് അടിയന്തര ഘട്ടങ്ങളിൽ വഹിക്കാൻ എംബസി തയാറാണെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ എംബസി ഹാളിൽ സംഘടിപ്പിച്ച ഒാപൺ ഹൗസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “കുവൈത്തിലെ ഇന്ത്യക്കാർക്കുള്ള നിയമസഹായ പദ്ധതികൾ എന്ന വിഷയത്തിൽ നടത്തിയ ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംബസി ഹാളിൽ ക്ഷണിക്കപ്പെട്ട പരിമിതമായ അതിഥികളോടൊപ്പം ഓൺലൈനായി നൂറുകണക്കിനാളുകളും ഓപ്പൺ ഹൗസിൽ സംബന്ധിച്ചു. കഴിഞ്ഞ മാസങ്ങളിൽ നൂറു കണക്കിന് സൗജന്യ വിമാന ടിക്കറ്റുകളും ആയിരക്കണക്കിന് ഭക്ഷണപ്പൊതികളും എംബസിയുടെ നേതൃത്വത്തിൽ നൽകി.
വന്ദേഭാരത് ദൗത്യം വഴി 1,80,000 പ്രവാസികൾ നാടണഞ്ഞു. കുവൈത്തിലെ ഇന്ത്യക്കാരുടെ ഉന്നമനത്തിനായി രാജ്യത്തെ വിവിധ മന്ത്രാലയങ്ങളുമായും സർക്കാർ വകുപ്പുകളുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിവരുന്നതായും അംബാസഡർ അറിയിച്ചു..
ഉൗഷ്മളമായ സ്വീകരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ജനുവരിയിൽ എംബസി ഇടപെട്ട വിഷയങ്ങളും നൽകിയ സഹായങ്ങളും സംബന്ധിച്ച് സെക്കൻഡ് സെക്രട്ടറി ഫഹദ് സൂരി റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ത്യക്കാർക്ക് ലഭ്യമായ നിയമസഹായങ്ങൾ സംബന്ധിച്ച് ഫസ്റ്റ് സെക്രട്ടറി രാഹുൽ വിശദീകരിച്ചു.
അതിനിടെ കുവൈത്തിൽ കോവിഡ് കേസുകൾ വീണ്ടും ആയിരത്തിനു മുകളിലെത്തി. ബുധനാഴ്ച 1017 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,80,505 പേർക്കാണ് വൈറസ് ബാധിച്ചത്. അഞ്ചു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1019 ആയി. 819 പേർകൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,68,420 പേരാണ്.
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് മുന്നറിയിപ്പ് നൽകി. ജനങ്ങള്‍ ജാഗ്രത പാലിക്കണം. കോവിഡ് വ്യാപനം വര്‍ധിക്കുകയാണെങ്കില്‍ രാജ്യം വീണ്ടും ലോക്ക്ഡൗണ്‍, കര്‍ഫ്യു തുടങ്ങിയ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷനില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല