
സ്വന്തം ലേഖകൻ: വരും ദിവസങ്ങളിൽ കുവൈത്തിൽ താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച താപനില 52 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നും സൂചനയുണ്ട്. കനത്ത ചൂടിനൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. മണിക്കൂറിൽ എട്ടു മുതൽ 42 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റ് പൊടിപടലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കടൽ നേരിയതോ മിതമായതോ ആയിരിക്കും. തിരമാലകൾ രണ്ടു മുതൽ ആറ് അടി വരെ ഉയരും.
രാത്രിയും കനത്ത ചൂട് തുടരും. ശനിയാഴ്ചയും ഉയർന്ന താപനില 50 ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു. കാറ്റും പൊടിപടലത്തിനും സാധ്യതയുണ്ട്. ശനിയാഴ്ച രാത്രി 32-35 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഈ മാസം 16 മുതൽ രണ്ടാം ജെമിനി സീസണിന്റെ തുടക്കമായിട്ടുണ്ട്. 13 ദിവസം നീണ്ടുനിൽക്കുന്ന ജെമിനി സീസണുകളുടെ രണ്ടാം കാലഘട്ടമാണ് ഏറ്റവും ചൂടേറിയ കാലഘട്ടമായി കണക്കാക്കുന്നത്. കൊടുംചൂടും ചൂടുള്ള വടക്കൻ കാറ്റും ഉള്ളതിനാൽ ഇത് ‘അഹുറ വേനൽ’ എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്.
ഈ സീസണിൽ രാത്രിയിൽപോലും ശക്തമായ ചൂടും കാറ്റും നിലനിൽക്കും. പകൽ 13 മണിക്കൂറും 36 മിനിറ്റും, രാത്രി 10 മണിക്കൂറും 24 മിനിറ്റും എന്നിങ്ങനെ ദിവസം മാറും. പൊള്ളുംവേനലിലൂടെയാകും വരുംദിവസം രാജ്യം കടന്നുപോകുക എന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. വരുംദിവസങ്ങളിൽ ചൂടുതരംഗം തീവ്രമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങൾക്കാകും രാജ്യം സാക്ഷിയാകുക. താപനില 48-52 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
സൂര്യാഘാതം, ക്ഷീണം, തീവ്രമായ ചൂടിൽനിന്നും വരൾച്ചയിൽനിന്നും ഉണ്ടാകുന്ന അഗ്നി അപകടങ്ങൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉണർത്തി. ഈ കാലയളവിൽ ജാഗ്രതയും ശ്രദ്ധയും നിലനിർത്തുന്നത് സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ അത്യാവശ്യമാണ്. കടുത്ത ചൂടിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ അധികൃതരും പൊതു ജനങ്ങളോടാവശ്യപ്പെട്ടു.
കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 148 ജോലി സ്ഥലങ്ങളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെയും നിർമാണ കമ്പനികളെയും കണ്ടെത്താൻ രാജ്യ വ്യാപകമായി ശക്തമായ പരിശോധനയാണ് നടക്കുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഉത്തരവാദിത്തമുള്ള എല്ലാ തൊഴിലുടമകളും തീരുമാനം പൂർണ്ണമായും പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഉച്ചനേരത്ത് തൊഴിലാളികളെ കൊണ്ട് നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും മറ്റ് ജോലി സ്ഥലങ്ങളിലും അധികൃതര്‍ ഇത് സംബന്ധിച്ചുള്ള ബോധവത്കരണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കുള്ളത്. ഓഗസ്റ്റ് 31 വരെ നിയന്ത്രണം നിലവിലുണ്ടാവും. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ട്. നിയമം ലംഘിക്കുന്ന കമ്പനിക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുക. തുടർന്നും നിയമലംഘനം കണ്ടെത്തിയാൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 100 ദീനാർ മുതല്‍ 200 ദിനാര്‍ വരെ പിഴ ചുമത്തും. തുടര്‍ന്ന് കമ്പനിയുടെ ഫയല്‍ തുടർ നടപടികൾക്കായി തെളിവെടുപ്പ് വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല