
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവും അതിര്‍ത്തി കാവടങ്ങളും ജനുവരി രണ്ടു മുതല്‍ തുറക്കാന്‍ ക്യാബിനെറ്റിന്റെ പ്രത്യേക യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് പ്രതിസന്ധി മൂലം ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവും അതിര്‍ത്തികളും അടച്ചത്.
വിമാനത്താവളവും അതിര്‍ത്തികളും തുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചുവെങ്കിലും കുവൈത്തിലേക്ക് നേരിട്ടു പ്രവേശന വിലക്ക് നിലവിലുള്ള 35 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും. മന്ത്രി സഭാ തീരുമാന പ്രകാരം നിലവില്‍ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 2 മുതല്‍ ഒഴിവാക്കും.
കൂടാതെ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കര, കടല്‍ മാര്‍ഗ്ഗമുള്ള അതിര്‍ത്തികളും ജനുവരി രണ്ട് മുതല്‍ തുറക്കുമെന്നും ഡിജിസിഎ അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ചു കുവൈത്തില്‍ നിന്നും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ ജനുവരി രണ്ടിന് രാവിലെ നാലു മണിക്ക് ആരംഭിക്കുമെന്നും ഡിജിസിഎ കൂട്ടിച്ചേര്‍ത്തു.
കുവൈത്തിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ ഒാൺലൈനിൽ രജിസ്റ്റർ ചെയ്തവർ ഒന്നര ലക്ഷത്തോടടുക്കുന്നു. നാലായിരത്തിലേറെ പേർ ഇതിനകം കുത്തിവെപ്പെടുത്തു. ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിൻ നൽകിയതിനുശേഷം 15 മിനിറ്റുകൂടി അവിടെ ഇരുത്തിയാണ് ആളുകളെ മടക്കിയയക്കുന്നത്.
പാർശ്വഫലങ്ങൾ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കാനാണിത്. രാവിലെ ഒമ്പത് മുതൽ രാത്രി ഏഴുവരെയാണ് മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ അഞ്ചിൽ സ്ഥാപിച്ച കൊവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം പ്രവർത്തിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് മുൻഗണനാടിസ്ഥാനത്തിൽ അപ്പോയിൻറ്മെൻറ് നൽകിയാണ് കുത്തിവെപ്പിന് ആളുകളെ സ്വീകരിക്കുന്നത്. അപ്പോയിൻറ്മെൻറ് എടുത്തവർക്ക് മൊബൈൽ ഫോണിലേക്ക് ബാർ കോഡ് അയക്കുന്നു.
ഇത് പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിടുന്നത്. ഒരാൾക്ക് രണ്ട് ഡോസ് ആണ് എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്തുകഴിഞ്ഞാൽ ഹെൽത്ത് കാർഡ് നൽകും. രണ്ടാം ഡോസിെൻറ തീയതി ഇതിൽ രേഖപ്പെടുത്തിയിരിക്കും. രണ്ടാം ഡോസ് ഒാർമപ്പെടുത്താൻ മൊബൈൽ ഫോണിലേക്ക് സന്ദേശം അയക്കുകയും ചെയ്യും. ആദ്യ ഡോസ് കഴിഞ്ഞ് കുറഞ്ഞത് 21 ദിവസത്തിനു ശേഷമാണ് രണ്ടാമത്തേത് എടുക്കേണ്ടത്. ഇത് ബൂസ്റ്റർ ഡോസ് ആണ്. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചക്കു ശേഷമാണ് ഫലം പൂർണതോതിൽ ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല