1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സ്വവര്‍ഗരതിക്കാര്‍ക്കുമെതിരായ നടപടികള്‍ ശക്തമാക്കി കുവൈത്ത് ഭരണകൂടം. 2022ല്‍ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിക്കപ്പെട്ട മൂവായിരത്തിലേറെ പേരെ കുവൈത്ത് അധികൃതര്‍ നാടുകടത്തിയതായി കുവൈത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളായി വേഷം മാറി നടക്കുന്നവരെന്ന് ആരോപിച്ചാണ് നടപടി. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരായ നടപടികള്‍ ശക്തമക്കിയത്.

സ്ത്രീകളെ അനുകരിച്ച് നടക്കുന്ന ഈ വിഭാഗം ആളുകള്‍ രാജ്യത്ത് ലൈംഗിക വൈകൃതങ്ങള്‍ പരത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അത്തരക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഉപപ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് കുവൈത്ത് പോലീസിന്റെ നേതൃത്വത്തില്‍ മറ്റ് സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് ഇവര്‍ക്കായുള്ള പരിശോധനകള്‍ വ്യാപിപ്പിക്കുകയായിരുന്നു.

പുരുഷ മസാജ് പാര്‍ലറുകളുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. ഇവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ മസാജ് സെന്ററുകളോട് ചേര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്ന് കണ്ടെത്തിയതായി പോലിസ് അറിയിച്ചു.

യുവാക്കള്‍ക്കിടയില്‍ ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താത്പര്യമുള്ളവരെ ആകര്‍ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയും ഇവര്‍ സജീവമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും പരിശോധനയില്‍ വ്യക്തമായി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇവരില്‍ പലരും മസാജ് പാര്‍ലറുകളില്‍ എത്തുന്നവര്‍ക്ക് അവരുടെ സേവനങ്ങള്‍ നല്‍കുന്നവരാണ്.

എന്നാല്‍, ചിലര്‍ ഉപഭോക്താക്കളുടെ വീടുകളിലെത്തിയും അനാശാസ്യ സേവനങ്ങള്‍ നല്‍കുന്നതായും പിടികൂടിയവരെ ചോദ്യം ചെയ്തതില്‍ നിന്ന് മനസ്സിലായതായും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ പലര്‍ക്കും ലൈംഗിക രോഗങ്ങള്‍ ഉള്ളതായും പരിശോധനയില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നാടുകടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

കുവൈത്തിലെ സാല്‍മിയ പ്രദേശത്ത് മസാജ് പാര്‍ലറുകളില്‍ നടന്ന റെയിഡുകളില്‍ ഏഷ്യക്കാരായ 18 സ്വവര്‍ഗരതിക്കാരെയും ട്രാന്‍സ്ജെന്‍ഡറുകളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റിയും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറും ചേര്‍ന്ന് നടത്തിയ റെയിഡുകളിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ കൈയോടെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഉപഭോക്താക്കളില്‍ നിന്ന് മണിക്കൂറിന് 10 മുതല്‍ 30 വരെ കുവൈത്ത് ദിനാര്‍ എന്ന നിരക്കില്‍ പണം ഈടാക്കിയാണ് ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പോലീസ് കണ്ടെത്തി. മസാജ് പാര്‍ലറുകള്‍ക്ക് അകത്തെ സ്വകാര്യ മുറികളിലാണ് ഇവര്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നത്. മസാജ് പാര്‍ലറിനുള്ളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കിടപ്പുമുറികള്‍ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

ചില മസാജ് പാര്‍ലറുകളില്‍ ട്രാന്‍സ്‌ജെന്‍ഡറായി വേഷം മാറിയവരും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ഇവര്‍ സ്ത്രീകളുടെ വസ്ത്രങ്ങളും വിഗ്ഗുകളും മുഖത്ത് മേക്കപ്പും ധരിച്ചിരുന്നു. പാര്‍ലറുകളില്‍ നിന്ന് പല തരം ഗുളികകളും കാലാവധി കഴിഞ്ഞ ക്രീമുകളും കണ്ടെത്തി. ഇവരുടെ ഐഡി കാര്‍ഡ് പരിശോധിച്ചപ്പോള്‍ മസാജ് ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള സര്‍ട്ടിഫിക്കറ്റുകളോ ഹെല്‍ത്ത് കാര്‍ഡുകളോ ഇല്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് മസാജ് പാര്‍ലറുകള്‍ സീല്‍ ചെയ്തതായും ഭാവിയില്‍ തൊഴിലാളികളെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതില്‍ നിന്ന് സ്പോണ്‍സര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹവാലി ഗവര്‍ണറേറ്റിലെ ജാബിരിയ്യ, സല്‍മിയ്യ മേഖലകളിലെ മസാജ് പാര്‍ലറുകളിലും നിരവധി ഫിറ്റ്നസ് ആന്‍ഡ് വെല്‍നസ് സെന്ററുകളിലും കുവൈത്ത് മുനിസിപ്പാലിറ്റിയുടെ കീഴിലെ എമര്‍ജന്‍സി ടീമുകള്‍ നടത്തിയ ഫീല്‍ഡ് പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇവിടങ്ങളില്‍ നിന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 30ലേറെ വിദേശ തൊഴിലാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കടകള്‍ അടച്ചുപൂട്ടുകയും മൂന്ന് കടകള്‍ക്കെതിരേ പിഴ ചുമത്തുകയും ചെയ്തു. സല്‍മാനിയ്യയില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ 11 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ഇത്തരം പ്രവാസികളെ നാടുകടത്തുന്നതിനോടൊപ്പം രാജ്യത്തെ തൊഴില്‍ നിയമം ലംഘിച്ച് ഇവരെ ജോലിക്ക് വേണ്ടി കുവൈത്തിലേക്ക് കൊണ്ടുവന്ന കമ്പനികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. മറ്റു ജോലികള്‍ക്കെന്ന വ്യാജേനയാണ് ഇവര്‍ വിദേശികളെ കൊണ്ടുവന്ന് മസാജ് പാര്‍ലറുകളില്‍ അനധികൃതമായി പണിയെടുപ്പിക്കുന്നത്. ഇവര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം റിക്രൂട്ട്‌മെന്റിനുള്ള പെര്‍മിറ്റ് നിശ്ചിത കാലയളവിലേക്ക് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കും.

റെയ്ഡുകളില്‍ പിടിക്കപ്പെട്ടവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും അധികൃതര്‍ അറിയിച്ചു. എന്നാല്‍, അല്‍ റായ് പത്രത്തിലെ റിപ്പോര്‍ട്ടിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഉടന്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.