
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് വിമാന സർവീസിന് അനുമതി നൽകുന്നത് പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെങ്കിലും 34 രാജ്യങ്ങളുടെ പട്ടികയിൽ തൽക്കാലം മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനിച്ചത്. വിലക്കുള്ള രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്.
ഓൺലൈൻ രജിസ്ട്രേഷൻ ഡ്രൈവ് നടത്തിയ ശേഷം പ്രത്യേക വിമാനങ്ങളിൽ വീട്ടുജോലിക്കാരെ കൊണ്ടുവരാനാണ് നീക്കം. എന്നാൽ, തൊഴിൽ വീസയിലുള്ള മറ്റുള്ളവർക്ക് തൽക്കാലം നേരിട്ട് കുവൈത്തിലേക്ക് വരാൻ കഴിയില്ല. വിമാനക്കമ്പനികൾ ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച കർമ പദ്ധതി സർക്കാറിെൻറ മുന്നിലുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാനാണ് തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഡിസംബർ അഞ്ചിനാണ് കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ്.
ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരാനും ഇവിടെയെത്തി ഹോട്ടൽ ക്വാറൻറീനിൽ ഇരിക്കാനും കൂടി വൻ ചെലവ് പ്രതീക്ഷിക്കുന്നു. സർക്കാർ സ്വകാര്യ ട്രാവൽ ഗ്രൂപ്പുകളിൽനിന്ന് ടെൻഡർ ക്ഷണിച്ചപ്പോൾ 600 മുതൽ 700 ദീനാർ വരെയാണ് ക്വോട്ട് ചെയ്തത്. വിമാന ടിക്കറ്റ്, മൂന്നുനേരം ഭക്ഷണം ഉൾപ്പെടെ 14 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ, പി.സി.ആർ പരിശോധന എന്നിവയടക്കമാണ് ഇൗ തുക സ്വകാര്യ ഏജൻസികൾ ആവശ്യപ്പെട്ടത്.
ഇത് കൂടുതലാണെന്ന് വിമർശനമുണ്ട്. ഭക്ഷണം ഉൾപ്പെടെ 30 ദീനാറാണ് ഒരു ദിവസം ക്വാറൻറീന് ചെലവ് കണക്കാക്കുന്നത്. നിലവിൽ രണ്ടാഴ്ചയുള്ള ക്വാറൻറീൻ ഏഴുദിവസമാക്കി കുറക്കണമെന്ന നിർദേശവും സർക്കാറന് മുന്നിലുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഏഴുദിവസമാക്കിയാൽ മൊത്തം ചെലവിൽ 200 ദീനാറിെൻറ കുറവുണ്ടാവും. എന്നാൽ, തന്നെയും ചെലവ് അധികമാണെന്നാണ് വിലയിരുത്തൽ.
ഒരു വശത്തേക്ക് പരമാവധി വിമാന ടിക്കറ്റ് നിരക്ക് 100 ദീനാറിൽ താഴെയേ വരൂ. ഗാർഹികത്തൊഴിലാളികളെയാണ് ആദ്യം തിരിച്ചെത്തിക്കുക. ഇതിെൻറ ചെലവ് സ്പോൺസർമാർ വഹിക്കണം. അതുകൊണ്ട് തന്നെ അമിത നിരക്കിനെതിരെ സ്വദേശികളിൽനിന്ന് സമ്മർദ്ദമുണ്ട്. അയൽ രാജ്യങ്ങളിൽ 300 -350 ദീനാറിനുള്ളിൽ ചെലവ് വരുന്ന സേവനത്തിന് ഇവിടെ മാത്രം ഇത്ര ചെലവ് വരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സ്വദേശികൾ പറയുന്നത്. സർക്കാർ ഇതുവരെ ഒരു ഏജൻസിയുടെയും പാക്കേജ് അംഗീകരിച്ചിട്ടില്ല.
അവധിക്ക് നാട്ടിൽ പോയ ഗാർഹികത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാൻ കുവൈത്ത് മന്ത്രിസഭ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഇരിക്കണമെന്ന വ്യവസ്ഥയോടെയാണ് മടങ്ങിവരവിന് അംഗീകാരം നൽകിയത്. ഇതിനായി സ്പോൺസർമാർ ഒാൺലൈനിൽ അപേക്ഷിക്കണം. ടിക്കറ്റിനും ക്വാറൻറീനുമുള്ള ചെലവ് സ്പോൺസർ വഹിക്കണം. എന്നാൽ, കോവിഡ് പരിശോധന സർക്കാർ ചെലവിൽ നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല