
സ്വന്തം ലേഖകൻ: ഓഗസ്ത് ഒന്ന് മുതല്‍ വിദേശ യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കാനിരിക്കെ, അനുമതിക്കായി അപേക്ഷ നല്‍കിയ പ്രവാസികളില്‍ 10,000ത്തിലേറെ പേരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തള്ളിയതായി കുവൈറ്റ് അധികൃതര്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് ഇവ നിരസിച്ചത്. വാക്‌സിന്‍ പരിശോധനയ്ക്കായി നിയമിക്കപ്പെട്ട പ്രത്യേക സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതിനകം 73,000 വിദേശികളാണ് കുവൈറ്റിലേക്കുള്ള യാത്രാനുമതിക്കായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 18,500 എണ്ണം ഇതിനകം പരിശോധിച്ച് അംഗീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ളവയുടെ പരിശോധന തുടരുകയാണ്. സ്വീകരിച്ച വാക്‌സിന് കുവൈറ്റില്‍ അംഗീകാരമില്ലാത്തതും സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിനുമായി ബന്ധപ്പെട്ട പൂര്‍ണമായ വിവരങ്ങള്‍ ഇല്ലാത്തതും അത് ലഭ്യമാക്കുന്നതിനുള്ള ക്യുആര്‍ കോഡ് ഇല്ലാത്തതുമായ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് നിരസിക്കപ്പെട്ടവയില്‍ ഏറെയും.
ഇതിനകം 10,000ത്തിലേറെ സര്‍ട്ടഫിക്കറ്റുകള്‍ ഈ കാരണങ്ങളാല്‍ തള്ളപ്പെട്ടതായും ഇത്തരത്തിലുള്ള കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത തിരിച്ചറിയുന്നതിനു വേണ്ടിയുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയതായിരിക്കണം സര്‍ട്ടഫിക്കറ്റെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
വാക്‌സിന്റെ പേര്, അതിന്റെ ബാച്ച് നമ്പര്‍, രണ്ട് ഡോസുകളും എടുത്ത ദിവസം, സ്ഥലം, രാജ്യത്തിലെ ഔദ്യോഗിക ആരോഗ്യ വിഭാഗത്തിന്റെ അംഗീകാരം തുടങ്ങിയ വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. നിലവില്‍ ആസ്ട്രസെനക്ക കൂടാതെ ഫൈസല്‍ ബയോണ്‍ടെക്ക്, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കാണ് കുവൈറ്റില്‍ അംഗീകാരമുള്ളത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ആധികാരികമാണെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക സമിതിക്ക് കുവൈറ്റ് അധികൃതര്‍ നേരത്ത രൂപം നല്‍കിയിരുന്നു.
ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് വരുന്നതിന് തടസ്സമുണ്ടാവില്ലെന്ന് ഇവിടത്തെ ഇന്ത്യന്‍ എംബസി നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡും കുവൈറ്റില്‍ നല്‍കുന്ന ഓക്സ്ഫോഡ് ആസ്ട്രസെനക്കയും ഒരേ വാക്സിനാണെന്ന് എംബസി വ്യക്തമാക്കി. എന്നു മാത്രമല്ല ഇതിന്റെ രണ്ട് ലക്ഷം ഡോസ് കഴിഞ്ഞ ഫെബ്രുവരി മാസം ഇന്ത്യ കുവൈറ്റിന് നല്‍കിയിരുന്നു.
ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയുമായി ചേര്‍ന്ന് ബ്രിട്ടീഷ് കമ്പനിയായ അസ്ട്രസെനക്ക നിര്‍മിച്ച വാക്സിനാണ് ഓക്സ്ഫോഡ് ആസ്ട്രസെനക്ക എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതേ വാക്സിന്‍ തന്നെയാണ് ആസ്ട്രസെനക്കയുമായി കൈകോര്‍ത്ത് ഇന്ത്യ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വാക്സിന്‍ കുവൈറ്റില്‍ അംഗീകരിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ച വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കൊവിഷീല്‍ഡ് ആസ്ട്രസെനക്ക എന്നാണ് ഉള്ളതെങ്കിലും അത് കുവൈറ്റില്‍ സ്വീകരിക്കപ്പെടുമെന്നും അംബാസഡര്‍ സിബി ജോര്‍ജ് അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല