
സ്വന്തം ലേഖകൻ: രാജ്യത്ത് അതിശൈത്യം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. രാജ്യമെങ്ങും കനത്ത മൂടല്‍മഞ്ഞും തുടരുന്നുണ്ട്. രാവിലെയും രാത്രിയും മൂടൽമഞ്ഞ് പരക്കുന്നതിനാൽ ദൃശ്യപരത കുറഞ്ഞിട്ടുണ്ട്. രാവിലെയുള്ള വാഹന ഗതാഗതത്തെയും ഇത് ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മുതലാണ് രാജ്യത്ത് കൊടുംതണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയത്. മരുപ്രദേശങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെ രേഖപ്പെടുത്തി. ചൊവ്വാഴ്ച രാജ്യത്ത് തണുത്ത കാലാവസ്ഥയും കനത്ത മൂടൽമഞ്ഞും ദൃശ്യമായി. ചിലയിടങ്ങളിൽ ചാറ്റൽമഴ ഉണ്ടായി. വൈകീട്ടോടെ ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറഞ്ഞു.
വരും ദിവസങ്ങളിൽ തണുപ്പ് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. രാജ്യത്ത് ഇപ്പോള്‍ ‘അൽ അസ്റഖ്’ സീസണാണെന്ന് കാലാവസ്ഥ നിരീക്ഷകന് അദൈല്‍ അല്‍ സദൂന് പറഞ്ഞു. ജനുവരി 24 മുതല്‍ 31 വരെയാണ് ‘അൽ അസ്റഖ്’ സീസണ് നീണ്ടുനില്‍ക്കുക. ഈ ദിവസങ്ങളിൽ രാത്രിയിലും പുലര്‍ച്ചയും അന്തരീക്ഷ താപനില പൂജ്യത്തിന് താഴെയാകും.
കാസ്പിയൻ കടലിന് മുകളിലൂടെ വീശുന്ന തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതാണ് അസ്റഖ് സീസണിലെ കൊടുംതണുപ്പിന് പ്രധാന കാരണം. തുറന്ന പ്രദേശങ്ങൾ, മരുഭൂമികൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളില്‍ ശക്തമായ തണുപ്പായിരിക്കും അനുഭവപ്പെടുക. കഴിഞ്ഞ വർഷം തണുപ്പുകാലം മാർച്ച് അവസാനം വരെ നീണ്ടിരുന്നു.
കട്ടിയുള്ള പ്രതിരോധ വസ്ത്രങ്ങള്‍ ധരിച്ചിട്ടുപോലും തണുപ്പിൽനിന്ന് രക്ഷപ്പെടാൻ കഴിയാത്ത തരത്തിലാണ് ദിവസങ്ങളായി രാജ്യത്തെ കാലാവസ്ഥ. അതിശൈത്യം കണക്കിലെടുത്ത് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. വായുസഞ്ചാരം കുറഞ്ഞ മുറികളിലും തമ്പുകളിലും തണുപ്പകറ്റാൻ കരി കത്തിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിർദേശം നല്കി. കരിയിൽ നിന്നുള്ള പുക ശ്വസിച്ച് ചില മരണങ്ങൾ മുൻവർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല