1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2018

സ്വന്തം ലേഖകന്‍: കുവൈറ്റിലെ ആരോഗ്യരംഗം സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കുന്നു; പ്രവാസികള്‍ക്ക് വന്‍ തൊഴില്‍, വ്യാപാര സാധ്യതകള്‍. സ്വകാര്യമേഖലയുമായി സഹകരിച്ച് കൂടുതല്‍ ആരോഗ്യസ്ഥാപനങ്ങള്‍ ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഇതിന്റെ ഭാഗമായി ആശുപത്രികള്‍, ക്‌ളിനിക്കുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ ആരംഭിക്കുന്നതിനായി മുപ്പത്തിമൂന്ന് അപേക്ഷകള്‍ ലഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കുവൈറ്റില്‍ സ്വകാര്യവല്‍ക്കരണം സജീവമാക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ ആരോഗ്യമേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് അനുമതിനല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ.ഫാത്തി മ അല്‍ നജ്ജാര്‍ വ്യക്തമാക്കി. ഒപ്പം ആരോഗ്യരംഗത്ത് സ്വകാര്യ മേഖലയെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. ആശുപത്രി സ്ഥാപിക്കുന്നതിനും നിലവിലുള്ളത് വികസിപ്പിക്കുന്നതിനുമായി മൂന്ന് അപേക്ഷകളാണ് പരിഗണനയിലുള്ളത്.

നിലവില്‍ ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് പതിനഞ്ചും ക്ലിനിക്കുകള്‍ക്കായി പത്തും മെഡിക്കല്‍ ക്ലിനിക്കുകള്‍ക്കായി അഞ്ചും അപേക്ഷകളാണ് ലഭിച്ചത്. ഹെല്‍ത്ത് സെന്ററുകള്‍ക്കായുള്ള 15 അപേക്ഷകളില്‍ പതിമൂന്നും ദന്തല്‍ ക്ലിനിക്ക് സ്ഥാപിക്കാനുള്ളവയാണ്. പുതിയ ആശുപത്രിക്കുള്ള അപേക്ഷയിന്മേല്‍ പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ട്. സ്‌പെഷലൈസ്ഡ് ആശുപത്രിക്കുള്ള അപേക്ഷ വിശദമായി പഠിച്ചുവരികയാണ് എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കുവൈറ്റിലെ സ്വകാര്യമേഖലകളിലായി നിലവില്‍ പന്ത്രണ്ട് ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നത്. 1045 ഡോക്ടര്‍മാരും 2884 നഴ്‌സുമാരുമാണ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത്. സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അനുവദിക്കുന്നത് മലയാളികള്‍ അടക്കമുള്ള വ്യവസായികള്‍ക്കും തൊഴിലന്വേഷകര്‍ക്കും മികച്ച സാധ്യതകളാണ് തുറക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.