സ്വന്തം ലേഖകൻ: യുകെയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നു. അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇതുവരെ വലിയ ലീഡിലായിരുന്ന പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ വലിയ തിരിച്ചടിയുണ്ടായി. രണ്ടാഴ്ച മുന്‍പ് നടന്ന സര്‍വ്വേയില്‍ 21 പോയിന്റ് നേടിയ ലേബറിന് പുതിയതില്‍ ലീഡ് 15 പോയിന്റുകള്‍ ആയി.
പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞത് 42 ശതമാനം പേര്‍. രണ്ടാഴ്ച മുന്‍പ് ലഭിച്ചതിനേക്കാള്‍ 3 ശതമാനത്തിന്റെ കുറവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, ഭരണകക്ഷി 3 പോയിന്റുകള്‍ കൂടുതല്‍ നേടി അവരുടെ നില 27 ശതമാനത്തില്‍ എത്തിച്ചു. ഭരണസിരാകേന്ദ്രങ്ങളില്‍ താരതമ്യേന ശാന്തമായ ദിവസങ്ങളായിരുന്നു കഴിഞ്ഞ രണ്ടാഴ്ച എന്ന് പൊളിറ്റിക്കല്‍ റിസ്സര്‍ച്ച് ഡയറക്ടറായ ക്രിസ് ഹോപ്കിന്‍സ് പറയുന്നു. മാത്രമല്ല, ഇപ്പോഴത്തെ പ്രധാന വിഷയമായ ഇസ്രയേല്‍- ഗാസ പ്രശ്നത്തില്‍, ആശയക്കുഴപ്പത്തിന് ഇടനല്‍കാതെ സര്‍ക്കാര്‍ ഉറച്ച തീരുമാനവുമായി നിലകൊള്ളുകയുമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്‍സര്‍വേറ്റീവുകള്‍, അഴിമതികളിലും ഉള്‍പ്പാര്‍ട്ടി പോരിലുംപ്പെട്ട് തിരിച്ചടി നേരിടാത്തിടത്തോളം കാലം അവര്‍ക്ക് സമ്മതിദായകരുടെ മനസ്സില്‍ മോശമല്ലാത്ത സ്ഥാനംലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഡ് നിലയില്‍ കുറവ് വന്നെങ്കിലും ലേബര്‍ പാര്‍ട്ടി ഇപ്പോഴും 15 പോയിന്റുകള്‍ക്ക് ഭരണകക്ഷിയേക്കാള്‍ മുന്നിലാണ്. എന്നാല്‍, രണ്ടാഴ്ച മുന്‍പ് ദര്‍ശിച്ച വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ടോറികള്‍ക്ക് ആയിട്ടുണ്ട്.
പൊതു തെരഞ്ഞെ|ടുപ്പിന് ഇനിയും മാസങ്ങള്‍ ബാക്കി നില്‍ക്കെ, ഇത് സുനകിന് ആത്മവിശ്വാസം പകരുന്ന ഒന്നാണ് എന്നതില്‍ സംശയമില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ ആകുമ്പോഴേയ്ക്കും നില കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്നാണ് സുനാകിന്റെയും കൂട്ടരുടെയും കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല