
സ്വന്തം ലേഖകൻ: ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാരചടങ്ങുകൾ വ്യക്തിപരമായും രഹസ്യവുമായി നടത്താൻ ചൈനീസ് സര്‍ക്കാര്‍ കുടുംബാംഗങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം. ചൈനയുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ജൂണ്‍ 15 തിങ്കളാഴ്ച രാത്രിയിലാണ് ലഡാക്കിലെ ഗല്‍വാന്‍ താഴ്വയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആള്‍നാശം സംബന്ധിച്ച കണക്കുകള്‍ ചൈന പുറത്തുവിട്ടിരുന്നില്ല. ഇരുഭാഗത്തും ആള്‍നാശമുണ്ടായതായി ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്താവനയിലുണ്ടായിരുന്നു.
ആള്‍നാശം സംഭവിച്ചത് സ്ഥിരീകരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, സൈനികരുടെ സംസ്‌കാരം നടത്താന്‍ വിസമ്മതിക്കുകയാണെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളോട് വളരെ മോശമായ രീതിയിലാണ് ചൈനീസ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാല്‍വന്‍ താഴ്വരയില്‍ ചൈനയ്ക്ക സംഭവിച്ച അബദ്ധം മറച്ചുവെക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഏറ്റുമുട്ടലില്‍ ഏകദേശം 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നത്.
സൈനികരുടെ കുടുംബാംഗങ്ങളോട് പരമ്പരാഗത ചടങ്ങുകള്‍ ഉപേക്ഷിച്ചുകൊണ്ട് സംസ്‌കാരം നടത്തണമെന്നും വ്യക്തിപരമായ അനുബന്ധചടങ്ങുകള്‍ ഒഴിവാക്കണമെന്നും ചൈനീസ് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം ആവശ്യപ്പെട്ടതായി രഹസ്യാന്വേഷണവിഭാഗത്തെ ഉദ്ധരിച്ച് യു.എസ്. ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ കുടുംബാംഗങ്ങള്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയത് കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ തീരുമാനം സൈനികരുടെ കുടുംബാംഗങ്ങളെ അസ്വസ്ഥരാക്കിയതായാണ് റിപ്പോർട്ട്. വെയ്‌ബോ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ദുഃഖവും നിരാശയും രോഷവും പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന സൈനികരുടെ കുടുംബാംഗങ്ങളെ നിശബ്ദരാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിക്കുകയാണെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രെയ്റ്റ്ബാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘രക്തസാക്ഷികളായ പട്ടാളക്കാരെ സൃഷ്ടിക്കാന്‍ അവര്‍ താല്പര്യപ്പെടുന്നില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങുകള്‍ തന്നെ അവര്‍ നിരോധിച്ചു.’ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഒരു കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടതായി ചൈന സ്ഥിരീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല