1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2021

സ്വന്തം ലേഖകൻ: അല്‍ ഖാഇദ തലവന്‍ ഉസാമബിന്‍ ലാദന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ലോകത്തോട് മാപ്പ് ചോദിക്കുന്നതായി മകന്‍ ഉമര്‍ ബിന്‍ ലാദന്‍. സമീപ ഭാവിയില്‍ തന്നെ അമേരിക്കയും ഇസ്രായേലും സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഫ്രാന്‍സിന്റെ ഭാഗമായ നോര്‍മാണ്ടിയില്‍ കഴിയുന്ന 40കാരനായ ഉമര്‍ ബിന്‍ ലാദന്‍ പറഞ്ഞു. ഇസ്രായേലിലെ യെദിയോത്ത് അഹ്‌റൊണോത്ത് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ പിന്‍ഗാമിയായി അല്‍ ഖാഇദയുടെ നേതൃത്വം താന്‍ ഏറ്റെടുക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പിതാവിന്റെ നിര്‍ദ്ദേശം താന്‍ തിരസ്‌ക്കരിക്കുകയായിരുന്നു. ഒരിക്കല്‍ തന്നോടും മറ്റു മക്കളോടും രക്തസാക്ഷികളാവാന്‍ ഉസാമ ബിന്‍ ലാദന്‍ ആവശ്യപ്പെട്ടിരുന്നു. എന്തെന്നില്ലാത്ത ഭീകരതയാണ് അപ്പോള്‍ തനിക്ക് അനുഭവപ്പെട്ടത്. അഫ്ഗാനിസ്താനില്‍ വച്ചായിരുന്നു അത്.

അതുവരെയുള്ള തന്റെ ജീവിതം പാഴായിപ്പോയതായി അപ്പോള്‍ തോന്നി. ആ സമയത്തായിരുന്നു അഫ്ഗാന്‍ വിടാന്‍ താന്‍ തീരുമാനമെടുത്തത്. ഉസാമ ബിന്‍ ലാദന് തന്റെ മക്കളോടുള്ള സ്‌നേഹത്തേക്കാള്‍ ശത്രുക്കളോടുള്ള വെറുപ്പായിരുന്നു കൂടുതലെന്നും കലാകാരനായ ഉമര്‍ ബിന്‍ ലാദന്‍ അറിയിച്ചു. 2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതോടെയാണ് തനിക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായതെന്നും ഉമര്‍ ബിന്‍ ലാദന്‍ പറഞ്ഞു.

ഇത്തരമൊരു ആക്രമണം സംഘടിപ്പിക്കാനുള്ള കഴിവ് പിതാവിനുണ്ടെന്ന് താന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ആ ദിവസമാണ് തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചത്. നഷ്ടങ്ങളുടെയും വേദനകളുടെ വര്‍ഷങ്ങള്‍ക്കു ശേഷം പിതാവിനെ കുറിച്ച് ശരിയായ തിരിച്ചറിവ് ഉണ്ടായത് അപ്പോഴായിരുന്നു. പിതാവ് യുദ്ധത്തിനിടയില്‍ നിരവധി പേരെ കൊന്നിട്ടുണ്ടാകാം അതുകൊണ്ടു തന്നെ ആളുകളെ കൊല്ലുന്നതിലൂടെ എന്തെങ്കിലും സന്തോഷമോ വേദനയോ അദ്ദേഹം അനുഭവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഉമര്‍ ബിന്‍ ലാദന്‍ പറഞ്ഞു.

പേരിനൊപ്പമുള്ള ബിന്‍ ലാദന്‍ എന്ന കുടുംബപ്പേര് തനിക്ക് ഭാരമായതായും ഉമര്‍ പറഞ്ഞു. ഉസാമ ബിന്‍ ലാദന്‍ സൗദി പൗരനായിരുന്നതിനാല്‍ അറബ് ലോകത്തുള്ളവര്‍ക്ക് തന്നെ ഭയവും വെറുപ്പുമാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും അത് അത്രവലിയ പ്രശ്‌നമായി അനുഭവപ്പെടാറില്ല. അറബ് ലോകത്ത് അങ്ങനെയല്ല കാര്യങ്ങള്‍. ഉസാമയുടെ മകനായതിനാല്‍ ഞാനും അദ്ദേഹത്തെ പോലെയാണെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. ഞാന്‍ ഉസാമയല്ല. പിതാവ് നല്ലവനോ ചീത്തയാളോ ആണെന്നും കരുതി ആ രീതിയില്‍ മക്കളെ കാണുന്നത് ശരിയല്ലെന്നും ഉമര്‍ ബിന്‍ ലാദന്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ പ്രവേശനം ലഭിക്കുന്ന ഒരു ദിവസമാണ് തന്റെ സ്വപ്‌നം. ജോ ബൈഡന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ തന്നെ അത് സാധ്യമാവുമെന്നാണ് തന്റെ പ്രതീക്ഷ. എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന പ്രകൃതക്കാരനാണ് അദ്ദേഹം. ഏത് മതക്കാരനും രാജ്യക്കാരനുമാണെങ്കിലും എല്ലാവരെയും ഒരു പോലെ കാണാനും സ്‌നേഹിക്കാനുമാണ് എനിക്കിഷ്ടം. തന്റെ ഭാര്യ സിനയുടെ അമ്മയുടെ കുടുംബം ഇസ്രായേലില്‍ നിന്നുള്ളവരാണെന്നും ഉമര്‍ പറഞ്ഞു.

ഭാര്യയോടൊപ്പം താമസിയാതെ ഇസ്രായേല്‍ സന്ദര്‍ശിക്കും. സമാധാനത്തെ കുറിച്ച് സംസാരിക്കാന്‍ ഇസ്രായേലി യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ഭാര്യയ്ക്ക് ക്ഷണമുണ്ടായിരുന്നു. മനോഹരമായ രാജ്യമാണ് ഇസ്രായേല്‍. ഫലസ്തീനുമായി സമാധാനത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ അവിടെയുണ്ട്. ലോകം ഒന്നായി കാണണമെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതകള്‍ അവസാനിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഉമര്‍ ബിന്‍ ലാദന്‍ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.